സുൽത്താൻ ബത്തേരി: സഹൃദയരായ കലാപ്രേമികളെ... അടുത്ത ഒരു ബെല്ലോടുകൂടി നാടകം ആരംഭിക്കുകയായി. അതിന് മുമ്പ് നാടകത്തെപ്പറ്റി രണ്ട് വാക്ക്...ഈ അനൗൺസ്‌മെന്റ് കഴിഞ്ഞ കുറെ വർഷങ്ങളായി നിലച്ചിരിക്കുകയായിരുന്നു. എന്നാൽ ഇതിപ്പോൾ പുനർജനിച്ചിരിക്കുകയാണ്. പഴയതിലും കരുത്തോടെ. സമൂഹത്തിലെ അക്രമങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ വിരൽ ചൂണ്ടിയാണ് നാടകത്തിന്റെ രണ്ടാംവരവ്.
തട്ടുപൊളിപ്പൻ ഗാനമേളയുടെ കടന്നുവരവോടുകൂടിയായിരുന്നു നാടകം അരങ്ങിൽ നിന്ന് പിന്തള്ളപ്പെട്ടത്. പ്രൊഫഷണൽ നാടകരംഗത്ത് നിലകൊണ്ടിരുന്ന നിരവധി സമിതികൾ സ്റ്റേജ് കിട്ടാതെ രംഗം വിട്ടു. മത്സരങ്ങൾ അമേച്വർ നാടകങ്ങൾക്ക് മാത്രമായി ഒതുങ്ങി. എന്നാൽ, സമൂഹത്തിലെ കൊള്ളരുതായ്മകൾക്ക് നേരെയുള്ള പടവാളായി നാടകങ്ങളുയർന്നതോടെ അരങ്ങിന് മുന്നിൽ വീണ്ടും കാണികൾ നിറയുകയാണ്.
സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളുമായി നാടകം വീണ്ടും പുനർജനിച്ചുകൊണ്ടിക്കുകയാണെന്നതിന് തെളിവാണ് സ്‌കൂൾ കോളേജ് കലോത്സവങ്ങളിലെ നാടകമത്സരവും പ്രൊഫഷണൽ നാടകമേളകളും. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയും പൾസ് കേരള അക്കാദമി ഓഫ് എൻജിനീയറിംഗും സംയുക്തമായി സംസ്ഥാനത്തെ മികച്ച 12 പ്രൊഫഷണൽ ട്രൂപ്പികളെ എത്തിച്ചാണ് ബത്തേരിയിൽ നാടകമേള നടത്തിവരുന്നത്.
കഴിഞ്ഞ നാലിന് ബത്തേരിയിൽ തുടങ്ങിയ നാടകമേള പതിനഞ്ചിനാണ് സമാപിക്കുക. ഒരു മാസത്തിലേറെയായി തുടരുന്ന മേള ജനങ്ങൾ ഏറ്റെടുത്തുവെന്നതിന് തെളിവാണ് നിറഞ്ഞു കവിയുന്ന സദസ്.