spc
കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് യൂണിറ്റിന് പ്രഥമ സഹചാരി അവാർഡ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ സമ്മാനിക്കുന്നു

കൽപ്പറ്റ: സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ സഹചാരി അവാർഡ് കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് യൂണിറ്റ് (എസ്.പി.സി) ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ അവാർഡ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ എം.കെ.മോഹനദാസ് തുടങ്ങിയവർ സംബന്ധിച്ചു.
ഭിന്നശേഷിക്കാർക്ക് നൽകി വരുന്ന പിന്തുണയും പ്രോൽസാഹനവും സഹായവും പരിഗണിച്ചാണ് അവാർഡ്. ജില്ലയിലെ 27 എസ്.പി.സി യൂണിറ്റുകളിൽ മികച്ച പ്രവർത്തനമാണ് കണിയാമ്പറ്റയിലേത്. യൂണിറ്റിലെ മുഴുവൻ അംഗങ്ങളും ഗോത്ര പെൺകുട്ടികളായുള്ള ഏക യൂണിറ്റ് കൂടിയാണിത്.
2014 ലാണ് കണിയാമ്പറ്റ എം.ആർ.എസിൽ സ്റ്റുഡന്റ്സ് പൊലീസ് യൂണിറ്റ് (എസ്.പി.സി) തുടങ്ങിയത്. ഇതുവരെയായി 136 ഗോത്ര പെൺകുട്ടികൾ പാസിംഗ് ഔട്ട് പരേഡ് വിജയകരമായി പൂർത്തിയാക്കി. എസ്.പി.സി ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ തുടർച്ചയായി മൂന്ന് വർഷവും ജില്ലാതല ഒന്നാം സ്ഥാനവും ഇക്കഴിഞ്ഞ വർഷത്തെ പരേഡിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. പങ്കെടുത്ത നാല് വർഷവും പാസിംഗ് ഔട്ട് പരേഡിന് അവാർഡ് നേടിയെന്ന പ്രത്യേകതയും യൂണിറ്റിനുണ്ട്.
എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ കാരുണ്യ കൈനീട്ടം പദ്ധതി നടപ്പാക്കിയാണ് സേവനപ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തുന്നത്. ഇതിനായൊരു പ്രത്യേക തൊഴിൽസംരംഭം തുടങ്ങി. ലിക്വിഡ് സോപ്പ്, സോപ്പ് പൊടി, ഹാന്റ് വാഷ്, പെനോയിൽ, ടോയിലറ്റ് ക്ലീനർ, പെൻസ്റ്റാന്റ്, കുട തുടങ്ങിയ ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണനം നടത്തിയാണ് തുക സ്വരൂപിക്കുന്നത്.
ചിത്രമൂല വൃദ്ധ - വികലാംഗ സദനത്തിൽ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാവർഷവും മുടങ്ങാതെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കല്പറ്റയിലെ ബഡ്‌സ് സ്‌പെഷൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നുണ്ട്. കൽപ്പറ്റ ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ, എടപ്പെട്ടി ജീവൻ ജ്യോതി, മീനങ്ങാടി മോർ ഏലിയാസ് സ്‌നേഹ ഭവൻ മീനങ്ങാടി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് കാരുണ്യ കൈനീട്ടം പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകാനായിട്ടുണ്ട്.
കണിയാമ്പറ്റ ജി.എം.ആർ.എസിൽ നടന്ന സംസ്ഥാന സർഗോത്സവത്തിന്റെ അച്ചടക്ക നിയന്ത്രണം മൂന്നു വർഷവും ഏറ്റെടുത്തത് സ്‌കൂൾ എസ്.പി.സി യൂണിറ്റായിരുന്നു.
എസ്.പി.സി യൂണിറ്റ് കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എം.സൽമ, എ.സി.പി.ഒ..അബ്ദുൽ റഷീദ് ടി.കെ, ഡ്രിൽ ഇൻസ്ട്രക്ടർ ജി.ശശികുമാർ, എ.ഡി.ഐ. രഞ്ജിത പത്മം എ.ആർ, എസ്.പി.സി യൂണിറ്റ് ലീഡർ കെ.എം.ആര്യ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.