മാനന്തവാടി: മാനദണ്ഡം ലംഘിച്ചുള്ള സ്ഥലംമാറ്റത്തിനെതിരെ കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.
ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.എൻ.മുരളിധരൻ ധർണ ഉദ്ഘാടനം ചെയ്തു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഇഷ്ടക്കാർക്ക് സ്ഥലം മാറ്റം നൽകുന്നത് അംഗീകാരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. നാലര വർഷമായി വയനാട്ടിൽ ജോലി ചെയ്യുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ രോഗിയാണെന്നതു ചൂണ്ടിക്കാണിച്ച് സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയപ്പോൾ അതു പരിഗണിക്കപ്പെട്ടില്ല. അതേസമയം, ഒന്നര വർഷം മാത്രം സർവിസുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് ട്രാൻസ്ഫർ നൽകാൻ ഒരു തടസ്സവുമുണ്ടായില്ല.
ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സജി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എൻ.കെ. രാമകൃഷ്ണൻ, എ.അജിത്ത്കുമാർ, പി.അനിൽകുമാർ, പി.വിജയൻ എന്നിവർ പ്രസംഗിച്ചു.