കൽപ്പറ്റ: ആകാശവിസ്മയമായി 26 ന് വന്നത്തുന്ന വലയ സൂര്യഗ്രഹണം കാണാൻ ആയിരങ്ങൾ പങ്കെടുക്കുന്ന മഹാസംഗമത്തിന് കൽപ്പറ്റ ഒരുങ്ങുന്നു. എസ് കെ എം ജെ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ആണ് മഹാസംഗമം നടക്കുക. രാവിലെ 8 മുതൽ 11 വരെ ആണ് ഗ്രഹണവേള.
ഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങളെ തൂത്തെറിയുക എന്ന ലക്ഷ്യത്തോടെ ആയിരങ്ങൾ മൈതാനത്തു ഒന്നിച്ചുകൂടും. മധുരം പങ്കിട്ട് ഗ്രഹണം ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രത്തിൽ താത്പര്യമുള്ള വ്യക്തികളും സംഘടനകളും.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായി സൂര്യഗ്രഹണം കാണാനും ഗ്രഹണത്തിന്റെ ശാസ്ത്രം മനസ്സിലാക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്താം.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ജില്ലാ ലൈബ്രറി കൗൺസിൽ, ആസ്‌ട്രോ വയനാട്, ടോട്ടം റിസോഴ്സ് സെന്റർ, കുടുംബശ്രീ മിഷൻ, സയൻസ് ക്ലബ് അസോസിയേഷൻ, ശാസ്ത്രരംഗം തുടങ്ങിയ സംഘടനകൾ സംയുക്തമായാണ് കൽപ്പറ്റ നഗരസഭയുടെയും കോഴിക്കോട് റീജിണൽ സയൻസ് സെന്ററിന്റെയും സഹകരണത്തോടെ ഗ്രഹണ നിരീക്ഷണത്തിന് അവസരം ഒരുക്കുന്നത് .

പരിപാടിയുടെ നടത്തിപ്പിനായുള്ള സ്വാഗതസംഘത്തിന്റെ രൂപീകരണ യോഗം ഇന്ന് വൈകിട്ട് 5 ന് കൽപ്പറ്റ ഗവ എൽ പി സ്‌കൂൾ അങ്കണത്തിൽ നടക്കും.