മാനന്തവാടി: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം. പേരിയ 34 ൽ എത്തിയ അഞ്ചംഗ മാവോയിസ്റ്റ് സംഘം ലഘുലേഖകൾ വിതരണം ചെയ്തു. വീടുകളിൽ നിന്ന് ഭക്ഷണസാധനങ്ങൾ ശേഖരിച്ചാണ് സംഘം മടങ്ങിയത്. വയനാട്ടിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം കൂടിയതായാണ് ഇന്റലിജൻസ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം രാത്രി ഏഴര കഴിഞ്ഞതോടെ ചോയിമൂല കുറിച്യ കോളനിയിലാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അയുധധാരികളായ സംഘമെത്തിയത്.

സി.പി.ഐ മാവോയിസ്റ്റ് കബനി ഏരിയാ കമ്മിറ്റിയുടെ പേരിലുള്ള ലഘുലേഖകളാണ് കോളനിയിൽ വിതരണം ചെയ്തത്. ബ്രാഹ്മണ്യത്തിന് ഡൈനാമിറ്റ് വെക്കാൻ വർഗസമരത്തിന് തിരികൊളുത്തുക എന്ന തലക്കെട്ടിലുള്ള ലഘുലേഖയിൽ ഹിന്ദുത്വ ഫാസിസത്തെ ഈ മണ്ണിൽ കുഴിച്ച് മൂടാൻ വിപ്ലവ ശക്തികളും ജനാധിപത്യ ശക്തികളും ആദിവാസികളും ദളിതുകളും സ്ത്രീകളും മതന്യൂനപക്ഷങ്ങളും ഒറ്റക്കെട്ടായി പോരാടുക എന്ന ആഹ്വാനമാണുള്ളത്. ചോയിമൂല കോളനിയിലെ മൂന്ന് വീടുകളിലെത്തിയ സംഘം ഭക്ഷണം കഴിച്ച ശേഷം അരി ഉൾപ്പെടെയുള്ള സാധനങ്ങൾ ശേഖരിച്ച് വേഗം മടങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഇവിടെ മൊട്ടമ്മൽ കോളനിയിലെത്തിയ സംഘം പണം നൽകി കോളനിക്കാരെക്കൊണ്ട് അരിയും മറ്റും സാധനങ്ങളും വാങ്ങിപ്പിച്ചതായും വിവരമുണ്ട്.

സ്ഥലത്തെത്തി പരിശോധ നടത്തിയ പൊലീസ് കോളനിവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. കുടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.