മാനന്തവാടി: മാനന്തവാടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഐ.എസ്. സുധീഷിന്റെ മുഖത്തടിച്ച സ്വകാര്യ ബസ് ഡ്രൈവർ പനമരം ചങ്ങാടക്കടവ് വട്ടപ്പറമ്പിൽ ഷാഹിർ (24) അറസ്റ്റിലായി. കൊയിലേരി - കല്പറ്റ റൂട്ടിലോടുന്ന മിന്നാരം ബസ്സിലെ ഡ്രൈവറാണ് ഷാഹിർ. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെ വള്ളിയൂർക്കാവ് റോഡിൽ വെച്ചാണ് സംഭവം. റണ്ണിംഗ് ടൈമിനെ ചൊല്ലി മിന്നാരം ജീവനക്കാരും ഇതേ റൂട്ടിലോടുന്ന സെന്റ് മേരീസ് ബസ്സിലെ ജീവനക്കാരും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. രണ്ടു ബസ്സുകളും റോഡിൽ കിടന്നതോടെ ഗതാഗതവും മുടങ്ങി. അതിനിടെ, എസ്.ഐ. സി.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി ഇരു ബസ്സിലെയും ജീവനക്കാരെ പിടിച്ചുമാറ്റുന്നതിനിടെ ഷാഹിർ സുധീഷിന്റെ മുഖത്തിടിച്ചതായാണ് കേസ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
സംഭവസമയത്ത് ബസ് ഓടിച്ചിരുന്നത് ഷാഹിർ അല്ലെന്നും മിന്നാരം ബസ്സിനു മുന്നിൽ പോകുന്ന ബസ്സുകൾ സമയം പാലിക്കുന്നുണ്ടോ എന്ന് നോക്കാനെത്തിയതായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വഴി തടസ്സപ്പെടുത്തിയതിന് രണ്ടു ബസ്സിലെയും ജീവനക്കാർക്കെതിരെയും കേസ്സുണ്ട്. സെന്റ് മേരീസ് ബസിലെ കണ്ടക്ടർ സോനാ വർഗീസിന്റെ പരാതിയിൽ മിന്നാരം ജീവനക്കാരായ വിപിൻ കോട്ടത്തറ, ഷമീർ, ഷാഹിർ എന്നിവർക്കെതിരെ വേറെയും കേസ്സെടുത്തിട്ടുണ്ട്. കൈകൊണ്ടും കല്ലുകൊണ്ടും അടിച്ച് പരിക്കേല്പിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ സുധീഷും സോനാ വർഗീസും മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.