bishop
ദീപയുടെ മാതാപിതാക്കള്‍ ബിഷപ് ഹൗസ് പരിസരത്ത് നടത്തിയ കുത്തിയിരിപ്പ് സമരം

മാനന്തവാടി: മഠത്തിലെ കന്യാസ്ത്രീയും ഇംഗ്ലണ്ടിൽ ജോലി ചെയ്തിരുന്നതുമായ തങ്ങളുടെ മകളെ മഠം അധികൃതർ മാനസിക രോഗിയാക്കി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിരവിൽപ്പുഴ സ്വദേശികളായ കല്ലറ ജോസും കുടുംബവും മാനന്തവാടി ബിഷപ്പ്‌സ് ഹൗസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ലത്തീൻ രൂപതയിലെ സെന്റ് ബെനഡിക്ടൻ മഠം അധികൃതർക്കെതിരെയാണ് ആരോപണം. നീതി ലഭ്യമാക്കാൻ ബിഷപ്പ് ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

എന്നാൽ സഭയ്ക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സമരമെന്ന് ആരോപിച്ച് വിശ്വാസ സംരക്ഷണ സമിതിയും, കെസിവൈഎമ്മും രംഗത്തെത്തി. കുടുംബത്തിന് ചെയ്യാവുന്നതെല്ലാം ചെയ്ത് നൽകിയിട്ടും സമരവുമായി രംഗത്ത വന്നത് മറ്റ് ലക്ഷ്യങ്ങൾ ഉള്ളതിനാലാണെന്നും മാനന്തവാടി രൂപത വ്യക്തമാക്കി.

25 വർഷം മുൻപ് മകൾ ലത്തീൻ കത്തോലിക്ക രൂപതയിൽപ്പെട്ട സെന്റ് ബെനഡിക്ടൻ സഭയിലെ മക്കിയാട് ബ്രാഞ്ചിൽ കന്യാസ്ത്രീ ആകാൻ ചേരുകയും, ബാംഗ്ലൂർ ബ്രാഞ്ചിൽ നിന്ന് പഠനം പൂർത്തിയാക്കി സിസ്റ്റർ ദീപ എന്ന പേര് സ്വീകരിച്ച് കന്യാസ്ത്രീ ആകുകയും ചെയ്തതായി ജോസ് പറഞ്ഞു. പിന്നീട് ദീപയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി. ഇംഗ്ലണ്ടിലെ വിവിധ കോൺവെന്റുകളിൽ സേവനം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിൽ അവധിക്ക് വീട്ടിൽ വന്ന ദീപ മാനസിക വിഭ്രാന്തി കാണിച്ചതായി കുടുംബം പറയുന്നു. തുടർന്ന് മകൾക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കുകയും കുറച്ച് നാളുകൾക്കകം അവളെ കോൺഗ്രിഗേഷനിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

മകൾ ആരും ആശ്രയമില്ലാതെ ഇംഗ്ലണ്ടിൽ വീട്ടുതടങ്കലിൽ എന്ന പോലെ ജീവിക്കുകയാണെന്നും രോഗം ഏറെ അധികരിച്ചതായും കോൺവെന്റ് അധികൃതരോട് പറഞ്ഞിട്ടും അവഗണിച്ചതായും കുടുംബം പറയുന്നു.

മാനന്തവാടി രൂപതയിലെ കുടുംബമായ തങ്ങളുടെ നിരന്തരമായ അഭ്യർത്ഥന പരിഗണിക്കാത്തത് കൊണ്ടാണ് സമരമെന്നും ദീപയുടെ പിതാവ് ജോസ് പറഞ്ഞു.

ബിഷപ്പ് ഹൗസിന് മുന്നിൽ സമരത്തിനെത്തിയ ദീപയുടെ കുടംബാംഗങ്ങൾക്കെക്കെതിരെ പ്രതിഷേധവുമായി വിശ്വാസ സംരക്ഷണ സമിതിയും, കെസിവൈഎമ്മും എത്തിയത് ആശങ്കയ്ക്കിടയാക്കി. സമരം അനാവശ്യമാണെന്നും സഭയ്ക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായി നടക്കുന്ന നാടകമാണിതെന്നും പ്രതിഷേധക്കാർ പറഞ്ഞു. രൂപതയെ നാണംകെടുത്താനിറങ്ങിയാൽ നോക്കിനിൽക്കില്ലെന്നും വിശ്വാസികൾ അറിയിച്ചു.

മാനന്തവാടി രൂപതയ്ക്ക് ഈ വിഷയത്തിൽ ഒരു ബന്ധവുമില്ലെന്നും, മറ്റൊരു സഭയുടെ കാര്യങ്ങളിലിടപെടാൻ തടസ്സങ്ങളുണ്ടെന്നും രൂപത അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രൂപതയുടെ കുടുംബമെന്ന നിലയിൽ തങ്ങൾക്ക് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. രൂപതയ്ക്കെതിരെ വ്യാജപ്രചരണം നടത്തുകയും സമരം ചെയ്യുകയും ചെയ്യുന്നത് മറ്റു ചില ലക്ഷ്യങ്ങൾ കാരണമാണെന്നും രൂപത വ്യക്തമാക്കി. ഇംഗ്ലണ്ട് പൗരത്വമുള്ള ദീപയുടെ കാര്യത്തിൽ ഇടപെടുന്നതിൽ സാങ്കേതികമായി തടസ്സമുണ്ടെന്നും രൂപത അധികൃതർ പറഞ്ഞു.