മാനന്തവാടി: മലയോര ഹൈവേ കടന്ന് പോകാത്ത മാനന്തവാടി നഗരത്തിലെ പ്രധാന റോഡുകളുടെ നവീകരണ പ്രവൃത്തികളുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി ഫണ്ട് 2 കോടി 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡുകൾ വീതീ കൂട്ടി നവീകരിക്കുന്നത്.
തലശ്ശേരി റോഡിനെയും മൈസൂർ റോഡിനെയും ബന്ധിപ്പിക്കുന്ന അംബേദ്ക്കർ റോഡ്,കെ.ടി ജംഗ്ഷൻ മുതൽ താഴയങ്ങാടി വരെ, ജോസ് ജംഗ്ഷൻ മുതൽ എൽഎഫ് ജംഗ്ഷൻ വരെയുമുള്ള റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇതിന്റെ ഭാഗമായുള്ള അളവുകളാണ് ആരംഭിച്ചിട്ടുള്ളത്
പ്രദേശവാസികളുടെ സഹകരണത്തോടെ പരമാവധി വീതി കൂട്ടി ഡബിൾ റോഡ് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ടി ബിജു പറഞ്ഞു.
റോഡുകളുടെ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ
മാനന്തവാടി നഗരത്തിലെ ഗതാഗത കുരുക്കിന് വലിയ ഒരു പരിഹാരവുമാവും. ഡബിൾ റോഡ് ആകുന്നതോടെ സെന്റ് ജോസഫ് റോഡ്, അംബേദ്ക്കർ റോഡ് എന്നിവിടങ്ങളിലെ വൺവെ സംവിധാനം ഒഴിവാകുകയും ചെയ്യും.
തലശ്ശേരി ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കാതെ അംബേദ്ക്കർ റോഡ് വഴി മൈസൂർ റോഡിൽ എത്തിച്ചേരാനും പുൽപ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കാതെ സെന്റ് ജോസഫ് റോഡ് വഴി വള്ളിയൂർക്കാവ് ജംഗ്ഷനിലും എത്തിചേരാൻ കഴിയും.
അംബേദ്ക്കർ റോഡിൽ ആരംഭിച്ച മാർക്കിങ്ങിന് പൊതുമരാമത്ത് വകുപ്പ് അസി: എക്‌സിക്യുട്ടിവ് എഞ്ചിനിയർ ഷിബു കൃഷ്ണരാജ്, കൗൺസിലർമാരായ കടവത്ത് മുഹമ്മദ്, റഷീദ് പടയൻ എന്നിവർ നേതൃത്വം നൽകി. പ്രവർത്തികളുടെ ടെണ്ടർ നടപടികളും ആരംഭിച്ച് കഴിഞ്ഞു.