കൽപ്പറ്റ: ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിൽ കണ്ടത് ബീഫിന്റെ എല്ലുതന്നെയെന്ന് വ്യക്തമായി. കഴിഞ്ഞ രണ്ടാഴ്ചയായി സമൂഹമാദ്ധ്യമങ്ങളിലൂടെ ഏറെ ചർച്ച ചെയ്തതാണ് സംഭവം. കാട്ടിക്കുളത്തുള്ള ഒരു ഹോട്ടലിൽ നിന്നു വാങ്ങിയ ബീഫ് ഫ്രൈയിൽ അസ്വാഭാവികമായ ഒരു എല്ല് കണ്ടതാണ് വിവാദവിഷയമായത്. ഫെയ്‌സ്ബുക്കിൽ പോസ്റ്റു ചെയ്ത എല്ലിന്റെ ചിത്രം പോത്തിന്റെ എല്ല് അല്ല എന്ന് ഒരു വെറ്ററിനറി ഡോക്ടർ വെളിപ്പെടുത്തിയതിനെ തുടർന്ന് സോഷ്യൽ മീഡിയ പല 'വിദഗ്ദ്ധരും' പോത്തിന്റെ എല്ല് അല്ല ഉറപ്പിച്ചു പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ വകുപ്പിനെ കുറ്റപ്പെടുത്തിയും, തെരുവുനായ്ക്കളുടെ തിരോധാനം, ഹോട്ടലിലൂടെ പട്ടിയിറച്ചി വിൽപ്പന നടത്തുന്നു, പേ പിടിച്ച നായ്ക്കളുടെ വരെ മാംസം ഉപയോഗിക്കുന്നു, നായ്ക്കളുടെ അറുത്ത തല ഹോട്ടലിന് സമീപം കാണുന്നു, ബീഫ് നിരോധിക്കണം, ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ ബന്ധം തുടങ്ങി വാർത്തകളും അഭിപ്രായങ്ങളും വാർത്തകളും ഏറെ പ്രചരിച്ചു. ഇതോടെ ബീഫ് കഴിക്കുന്നവരിൽ പരിഭ്രമവും ആശങ്കയും ഉണ്ടായി.
പാകം ചെയ്ത മാംസം ഏത് മൃഗത്തിന്റേതാണ് എന്ന് വിദഗ്ദ്ധ പരിശോധന നടത്തുന്നതിന് കേരളത്തിലെ ഒരു ലാബിലും സംവിധാനമില്ല. ആവശ്യമെങ്കിൽ കേരളത്തിന് പുറത്തുള്ള വിദഗ്ദ്ധ ലാബുകളെയാണ് ആശ്രയിക്കാറ്.
ഈ സംഭവത്തിൽ രേഖാമൂലം പരാതിയും സാമ്പിളും ലഭിച്ചയുടൻ സാമ്പിൾ വിദഗ്ദ്ധ പരിശോധനയ്ക്കായി ഹൈദരാബാദിലുള്ള നാഷണൽ റിസർച്ച് സെന്റർ ഓൺ മീറ്റ് എന്ന സ്ഥാപനത്തിലേക്ക് പതിനായിരം രൂപ ഫീസ് അടക്കം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നിന്ന് അയയ്ക്കുകയായിരുന്നു. അതിന്റെ പരിശോധനാ ഫലം ഇന്നലെ ലഭിച്ചു. സാമ്പിൾ ഡി.എൻ.എ ബെയ്സഡ് മോളിക്കുലർ അനാലിസിസ് നടത്തി സാധനം ബീഫ് തന്നെ എന്ന് സ്ഥിരീകരിച്ചു.
ഇതുപോലെ സങ്കീർണ്ണമായ ഒരു പരാതിയിൻമേൽ ഫലം നിർണ്ണയിക്കേണ്ടതും, നിഗമനത്തിലെത്തേണ്ടതും ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമാണെന്നും ചിത്രം നോക്കിയും, രുചിച്ചും മണത്തും നോക്കിയുമല്ലെന്ന് അധികൃതർ അറിയിച്ചു.