സുൽത്താൻ ബത്തേരി: ഹർത്താലിന്റെ കാര്യത്തിൽ കോടതി വിധിയനുസരിച്ചുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില മുസ്ലീം സംഘടനകൾ 17ന് ആഹ്വാനം ചെയ്ത ഹർത്താലിനോടുള്ള സർക്കാർ നിലപാടിനെപ്പറ്റി മാദ്ധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയം സംഘർഷത്തിലേക്ക് എത്തിക്കാനാണ് ചില സംഘടനകളുടെ ശ്രമം. ഇത് വെറും ന്യുനപക്ഷ പ്രശ്‌നമായി കാണരുത്. ആർ.എസ്.എസിനെയും ബി.ജെ.പി യെയും ചെറുക്കാൻ ഞങ്ങൾ മാത്രമെ ഇന്ത്യ രാജ്യത്തുള്ളുവെന്ന് പറഞ്ഞാണ് ചില മതസംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തെ തെറ്റായാണ് പലരും കാണുന്നതും പ്രചരിപ്പിക്കുന്നതും. കേരളമാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെ കൃത്യമായി ആദ്യം പ്രതികരിച്ചത്. കേരളത്തിന്റെ അഭിപ്രായത്തോട് യോജിച്ച അഞ്ച് സംസ്ഥാനങ്ങൾ നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഭരണ -പ്രതിപക്ഷ വിത്യാസമില്ലാതെ എല്ലാവരും യോജിച്ചാണ് നിൽക്കുന്നത്. പ്രായോഗികമായി നടപ്പിലാക്കാൻ പറ്റാത്തതാണ് പൗരത്വ ബിൽ. സുപ്രീം കോടതിയിൽ കേസ് നില നിൽക്കുന്നുമുണ്ട്. പാർലമെന്റിൽ ബിൽ പാസാക്കിയെങ്കിലും പൗരത്വ നിയമ ഭേദഗതി ഏകപക്ഷിയമായി നടപ്പാക്കാൻ പറ്റില്ല. ഇത് ഭരണഘടനാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.