പുൽപ്പള്ളി: മലേഷ്യൻ സിട്രസ് നാരങ്ങാ കൃഷി വയനാട്ടിലും വ്യാപകമാകുന്നു. സ്വദേശികളുടെ ഇഷ്ടകൃഷിയായി മാറുകയാണ് ഈ നാരങ്ങാകൃഷി. ഒടിച്ചുകുത്തി നാരങ്ങയും മലേഷ്യൻ നാരങ്ങയും ബഡ് ചെയ്ത് വികസിപ്പിച്ചെടുത്തതാണ് മലേഷ്യൻ സിട്രസ് ലെമൺ.
കേരളത്തിൽ ആദ്യമായി ഈ കൃഷി ആരംഭിച്ചത് വയനാട്ടിലാണ്. ഉയർന്ന വിലയും ഇതിനുണ്ട്. റംസാൻ നോമ്പുകാലത്ത് ഈ നാരങ്ങയ്ക്ക് കിലോഗ്രാമിന് 500 രൂപയ്ക്ക് മുകളിൽ വില ലഭിച്ചിരുന്നു. വയനാട്ടിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ കൃഷിയാണിതെന്ന് കർഷകർ പറയുന്നു. കുരങ്ങിന്റെയോ മാനിന്റെയോ ശല്യം ഇതിനില്ല. രോഗകീട ബാധകളുടെ ശല്യവുമില്ല.
ജൈവവളം ഉപയോഗിച്ചാണ് കൃഷി. വിളവെടുപ്പ് തുടങ്ങിയാൽ ഒരു ചെടിയിൽ നിന്ന് ശരാശരി ശരാശരി 5,000 രൂപ വരെ ലഭിക്കും. കൃഷി ലാഭകരമാണെന്ന് കണ്ടറിഞ്ഞതോടെ പലരും ഇതിലേക്ക് തിരിഞ്ഞിരിക്കുകയാണ്.