മാനന്തവാടി: ഗോത്രവിഭാഗക്കാർക്ക് തൊഴിൽ ഉറപ്പാക്കാൻ അട്ടപ്പാടി മാതൃകയിൽ അപ്പാരൽ പാർക്ക് പോലുള്ള തൊഴിൽ യൂണിറ്റുകൾ വയനാട്ടിലും പരിഗണിക്കുമെന്ന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലൻ പറഞ്ഞു.
തൃശ്ശിലേരി ചേക്കാട്ട് കോളനിയിൽ അംബേദ്കർ സമഗ്ര കോളനി വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദിവാസി ക്ഷേമത്തിന് സമഗ്രമായ പദ്ധതികളാണ് സർക്കാർ ഘട്ടംഘട്ടമായി നടപ്പാക്കുന്നത്. മാനന്തവാടി ട്രൈബൽ ഓഫീസിന് കീഴിൽ വരുന്ന എട്ടു കോളനികളാണ് ആദ്യഘട്ടത്തിൽ പുനർനിർമ്മിക്കുക. ഒരു കോടി രൂപ വീതം വകയിരുത്തിയാണ് ഓരോ കോളനികളിലും എല്ലാ അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുന്നത്. ജില്ലയിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി 20 കോളനികളാണ് ഉയരുക. നിലിവിൽ തൊഴിലുറപ്പ് പോലുള്ള പദ്ധതികൾ മാത്രമാണ് കോളനികളിലുള്ള ആദിവാസികൾക്ക് ആശ്രയം. ഇതിൽ നിന്നു വ്യത്യസ്തമായി വിവിധ തൊഴിൽ മേഖലകളിൽ പ്രത്യേക പരിശീലനം നൽകി ഇവർക്കായി കൂടുതൽ അവസരം ഒരുക്കും. മികവുറ്റ രീതിയിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് വിദേശ രാജ്യങ്ങളിൽ തൊഴിലെടുക്കുന്നതിന് അവസരം ഒരുക്കും. വിസ, പാസ്‌പോർട്ട്, വിമാന ടിക്കറ്റ് ചാർജ്ജ് തുടങ്ങിയവയെല്ലാം സർക്കാർ വഹിക്കും. സൊസൈറ്റികൾ രൂപവത്കരിച്ച് പ്രാദേശികമായ തൊഴിൽ സംരംഭങ്ങളും ഗോത്ര വിഭാഗങ്ങൾക്കായി ഒരുക്കും.കോളനികളുടെ ശോചനീയാവസ്ഥകൾ മാറുന്നത് ഇവരുടെ ജീവിതക്രമങ്ങളെയും മാറ്റും. ഭൂമിവിതരണം വീടുകളുടെ നിർമ്മാണം എന്നിവയിലടക്കം വലിയ മുന്നേറ്റമാണ് നടക്കുന്നത്. സുസ്ഥിരമായ വികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് ഏവരുടെയും പിന്തുണ വേണമെന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു.
ഒ.ആർ.കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മായാദേവി, പി.വി.ബാലകൃഷ്ണൻ, കെ.അനന്തൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. ഐ.ടി.ഡി.പി. ഓഫീസർ കെ.സി.ചെറിയാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഊരുമൂപ്പത്തി വെള്ളമ്മ ചേക്കാട്ട് മന്ത്രി എ.കെ.ബാലന് ഉപഹാരം നൽകി.
സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഒരു സ്വർണ്ണം, ഒരു വെളളി, 2 വെങ്കലം മെഡലുകൾ നേടിയ കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അമ്മാനി കോളനിയിലെ എ.ബി.വിമലിനെ ചടങ്ങിൽ ആദരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ ചേക്കോട്ട്, കൈതവള്ളി, പുഴവയൽ കോളനികൾ വെള്ളമുണ്ട പഞ്ചായത്തിലെ പടക്കോട്ടുകുന്ന്, പുറവഞ്ചേരി - കാക്കഞ്ചേരി കോളനികൾ തൊണ്ടർനാട് പഞ്ചായത്തിലെ പാലിയണ, വീട്ടിയാമ്പറ്റ, കുന്നിയോട് എന്നീ കോളനികളാണ് പദ്ധതി ആദ്യഘട്ടത്തിൽ വരുന്നത്.