pmj
ചാണക്യ ദേശീയ അവാർഡ് ജോതാവും കെ.സി.ബി.സി സെക്രട്ടറി ജനറലുമായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ഡോ.ജോസഫ് മാർ തോമസിനെ കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം.ജോയി ആദരിക്കുന്നു.

സുൽത്താൻ ബത്തേരി : വയനാട്ടിലെ കർഷകരുടെ ജീവിതം ദുരിതപൂർണമായി തീർന്നിരിക്കുകയാണെന്ന് ചാണക്യ ദേശീയ അവാർഡ് ജേതാവും കെ.സി.ബിസി സെക്രട്ടറി ജനറലുമായ ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ് പറഞ്ഞു.

കാർഷിക പുരോഗമന സമിതിയും വയനാടൻ ചെട്ടി സർവിസ് സൊസൈറ്റിയും സംയുക്തമായി ഒരുക്കിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങൾ കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായിതീർന്നിരിക്കുകയാണ്. വനാതിർത്തിയിലുള്ള കർഷകർക്ക് കൃഷി ഉപേക്ഷിക്കേണ്ടി വരുന്നു. കാർഷിക നാണ്യ വിളകളുടെ രോഗബാധയും വിലയിടിവും കാരണം ജനങ്ങൾക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയുമായി. വയനാട് ജില്ലക്ക് വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജ് തയ്യാറാക്കി ജില്ലയിലെ കർഷകരെ സംരക്ഷിക്കാൻ തയ്യാറാകണമെന്ന് ബിഷപ്പ് പറഞ്ഞു.

സ്വീകരണ സമ്മേളനം കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം.ജോയി ഉദ്ഘാടനം ചെയ്തു. ഡോ.പി.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണിവട്ടം കേശവൻ ചെട്ടി, വി.പി.വർക്കി, കെ.വേലായുധൻ, ടി.പി.ശശി, എ.ഭാസ്‌ക്കരൻ, എം.കെ. ബാലൻ, പി.സംഷാദ്, ലെനിൻ സ്റ്റീഫൻ, ഷാലിന് ജോർജ്, ബിച്ചാരത്ത് കുഞ്ഞിരാമൻ, പി.വി.ശ്രീധരൻ എന്നിവർ സംസാരിച്ചു.