വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ഗവ. ഹോമിയോ ആശുപത്രി കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ (കാഷ് ) പദവിയിലേക്കുയരുന്നു.

ഇതിനു മന്നോടിയായി പദ്ധതിയുടെ സംസ്ഥാനതല നിരീക്ഷകർ ആശുപത്രിയിൽ പരിശോധന നടത്തി. ജില്ലയിൽ ഈ പദവിയിലേക്കുയരുന്ന ആദ്യ ഹോമിയോ ആശുപ്രതിയാണിത്.

ഗുണനിലവാരമുളള സേവനം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ ആശുപത്രികൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് 'കാഷ് '. നിലവിൽ ഇതിനായുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ ആശുപത്രിയിലുണ്ട്. ഭിന്നശേഷിസൗഹൃദ ആശുപത്രിയിൽ ഒബ്‌സർവേഷൻ
റും, ഫിഡിംഗ് റൂം, കഫ് കോർണർ, ഡസ്റ്റിംഗ് റൂം എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ഡോ .മുഹമ്മദ് തസ്‌നീമിന്റെ നേത്യത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. സമീപഭാവിയിൽ തന്നെ
ആശുപത്രിയിൽ ലാബ് സൗകര്യവും ഫിസിയോതെറാപ്പി യുണിറ്റും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും പഞ്ചായത്ത് ഭരണസമിതിയും.

കാഷ് സംസ്ഥാനതല നിരീക്ഷകരായ ഡോ. അബ്ദുൽ വഹാബ് ,ഡോ.അബ്ദുൽ ഗഫാർ, എന്നിവരാണ്
എത്തിയത്. സ്വകാര്യ ഹോസ്പിറ്റലിനെ വെല്ലുന്ന രിതിയിൽ രോഗീസൗഹ്യദ ആശുപ്രതിയായി ഇത് വളർന്നിട്ടുണ്ടെന്ന് നിരീക്ഷകർ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആൻഡ്രൂസ് ജോസഫ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സക്കീന, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആത്തിക്കാ ഭായി, എ. ജോണി, ഫെസിലിറ്റേറ്റർ ഡോ. എസ്.എൻ ബിജി എന്നിവർ എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു.