മാനന്തവാടി: വയനാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സുജാതയേയും, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജിതേഷിനേയും സ്ഥലം മാറ്റി. സുജാതയെ കോഴിക്കോട് സത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ടായും, ജിതേഷിനെ മലപ്പുറം അരീക്കോട് താലൂക്ക് ആശുപത്രി സൂപ്രണ്ടായും ആണ് സ്ഥലം മാറ്റിക്കൊണ്ട് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. വയനാട് ഡപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മർജയാണ് ജില്ലാ ആശുപത്രിയിലെ പുതിയ സൂപ്രണ്ട്. ഏറെ പരിതാപകരമായ നിലയിലുണ്ടായിരുന്ന ജില്ലാ ആശുപത്രിയിൽ സൂപ്രണ്ടിന്റെ ചുമതല വഹിച്ച കാലത്ത് പല വികസന പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചയാളായിരുന്നു ഡോ. ജിതേഷ്. എന്നാൽ പുതിയ സൂപ്രണ്ടായി ഡോ. സുജാത വന്നതോടെ ജില്ലാ ആശുപത്രിയിൽ ജീവനക്കാരുടെയും ഡോക്ടർമാരുടേയും ഇടയിൽ പല കാര്യങ്ങളിലും വിയോജിപ്പുകൾ ഉടലെടുക്കുകയായിരുന്നു. ജനപ്രതിനിധികളടക്കം പലതവണ പ്രശ്‌ന പരിഹാരത്തിന് മുൻകയ്യെടുത്തുവെങ്കിലും സാധ്യത മങ്ങുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരേയും സ്ഥലം മാറ്റിയതെന്നാണ് സൂചന. സംസ്ഥാനത്ത് 12 ഡോക്ടർമാരെ സ്ഥലം മാറ്റിയ കൂട്ടത്തിലാണ് ഇരുവരെയും മാറ്റിയിരിക്കുന്നത്.