മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരയെ എഫ്‌സിസി മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി കോടതി താൽക്കാലികമായി മരവിപ്പിച്ചു. എഫ്‌സിസി സന്യാസി സമൂഹത്തിൽനിന്ന് സിസ്റ്റർ ലൂസിയെ പുറത്താക്കിയ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിലാണ് നടപടി.കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.
മുന്നറിയിപ്പുകൾ നൽകിയിട്ടും സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിതശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിസ്റ്റർ ലൂസിയെ എഫ്‌സിസി സന്യാസ മഠം പുറത്താക്കിയത്. ഈ നടപടിയിൽ ലൂസി വത്തിക്കാനടക്കം അപ്പീൽ നൽകിയിരുന്നെങ്കിലും ഇതെല്ലാം തള്ളുകയായിരുന്നു. ഇതിന് ശേഷമാണ് ജസ്റ്റിസ് ഫോർ ലൂസി കൂട്ടായ്മ കോടതിയെ സമീപിച്ചത്.
കഴിഞ്ഞ 35 വർഷമായി എഫ്‌സിസി സഭയുടെ ഭാഗമായി തുടരുന്ന സിസ്റ്ററെ മഠത്തിൽനിന്ന് പുറത്താക്കികൊണ്ടുള്ള സഭാനടപടി മരവിപ്പിക്കണമെന്നാണ് അഭിഭാഷകർ മുഖേന മാനന്തവാടി മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി സിസ്റ്ററെ മഠത്തിൽനിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടി താൽകാലികമായി മരവിപ്പിച്ചു. എതിർകക്ഷികളായ എഫ്‌സിസി സന്യാസിനി സഭാ അധികൃതർക്ക് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസയച്ചു. ജനുവരി ഒന്നിന് ഇരുകക്ഷികളുടെയും വിശദമായ വാദം കേൾക്കും. സഭയിൽനിന്നും തനിക്ക് നീതിലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് നിയമപോരാട്ടത്തിനിറങ്ങുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. അവിനിടെ വൈദികർക്കെതിരെ ഗുരുതര ആരോപണങ്ങളുള്ള സിസ്റ്റർ ലൂസിയുടെ ആത്മകഥയ്ക്കെതിരെയും എതിർപ്പുയർന്നിരുന്നു.