മാനന്തവാടി: അന്താരാഷ്ട്ര മൗണ്ടൻ സൈക്ലിംഗ് മത്സരമായ എം ടി ബി കേരളയുടെ ആറാംപതിപ്പിൽ പുരുഷ വിഭാഗത്തിൽ കാനഡയുടെ കോറി വാലസും വനിതാ വിഭാഗത്തിൽ ജർമ്മനിയുടെ നൈമ ഡീസ്‌നറും ജേതാക്കളായി.
ഫർസാദ് ഖോദയാരി (ഇറാൻ), ശിവെൻ (ഇന്ത്യ) എന്നിവരാണ് പുരുഷവിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനക്കാർ.
വനിതകളിൽ ലക്ഷ്മി മഗർ(നേപ്പാൾ), പൂനം റാണ (ഇന്ത്യ) എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി.
പുരുഷന്മാർക്കുള്ള ദേശീയ വിഭാഗത്തിൽ ഹിമാചൽ പ്രദേശ് സ്വദേശിയായ ശിവെൻ ഒന്നാം സ്ഥാനത്തെത്തി. കർണാടകയുടെ കിരൺ കുമാർ രാജു രണ്ടും ഉത്തരാഖണ്ഡ് സ്വദേശി ദേവേന്ദർ കുമാർ മൂന്നും സ്ഥാനം നേടി.
വനിതാ ദേശീയ മത്സരത്തിൽ ഉത്തരഖണ്ഡിന്റെ പൂനം റാണെയാണ് ചാമ്പ്യൻ. മഹാരാഷ്ട്രയുടെ പ്രിയങ്ക ശിവാജി കരന്ദെ രണ്ടാമതും കർണാടകയുടെ ജോത്സ്‌ന മൂന്നാമതും ഫിനിഷ് ചെയ്തു.
അന്താരാഷ്ട്ര ക്രോസ് കൺട്രി മത്സരത്തിലെ വിജയിയ്ക്ക് 1.5 ലക്ഷം രൂപയാണ് സമ്മാനം. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാർക്ക് യഥാക്രമം 1,00,000, 50,000, 25,000, 20,000 രൂപ
എന്നിങ്ങനെയാണ് കാഷ് പ്രൈസ്.
സമാപനച്ചടങ്ങ് ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രനടൻ ടോവിനോ തോമസ് മുഖ്യാതിഥിയായിരുന്നു. മുനിസിപ്പൽ ചെയർമാൻ വി ആർ പ്രവിജ് അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ ഏഷ്യൻ സൈക്ലിംഗ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഓംകാർ സിംഗ്, സൈക്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ സെക്രട്ടറി ജനറൽ മണീന്ദർപാൽ സിംഗ് തുടങ്ങിയവർ സംബന്ധിച്ചു.