ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിട നിർമ്മാണം ഇഴയുന്നു
ആലപ്പുഴ: ആശങ്ക സൃഷ്ടിച്ചുകൊണ്ട് കൊറോണ വൈറസ് സാന്നിദ്ധ്യം കേരളത്തിലും റിപ്പോർട്ട് ചെയ്തതോടെ ആലപ്പുഴ മെഡി. ആശുപത്രിയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 'കദനകഥ' വീണ്ടും ചർച്ചയാവുന്നു. മെഡി. ആശുപത്രിക്കു സമീപത്ത് കോളേജിന്റെ അധീനതയിലുള്ള അഞ്ചേക്കർ സ്ഥലത്ത് 2016 ജൂൺ 15നാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് കോട്ടയം ഡിവിഷനാണ് കെട്ടിട നിർമ്മാണ ചുമതല. 2017 സെപ്തംബറിൽ പണി പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഇതുവരെ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിൽ ദേശീയ നിലവാരത്തിലുള്ള പരിശോധനാകേന്ദ്രമായിരുന്നു ആലപ്പുഴയിലും ലക്ഷ്യമിട്ടിരുന്നത്. നിലവിൽ, പകർച്ച വ്യാധികളുടെയും മറ്റും 'സീസൺ' സമയത്ത് രോഗികളുടെ രക്തമോ ആന്തരിക സ്രവങ്ങളോ പൂനെ, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അയച്ചുവേണം പരിശോധിക്കേണ്ടത്. ഇതിന്റെ ഫലം ലഭിക്കാൻ ദിവസങ്ങൾ വേണ്ടിവരും. ഇപ്പോൾ താത്കാലികമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽത്തന്നെ ലെവൽ മൂന്ന്, നാല് വൈറസ് ഡിറ്റക്ഷൻ സംവിധാനം യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.
അനുവദിച്ച ഫണ്ട് കൃത്യസമയത്ത് വിനിയോഗിക്കാൻ ഇടത്-വലത് സർക്കാരുകളിലെ ആരോഗ്യ വകുപ്പ് വീഴ്ച വരുത്തിയതാണ് പ്രധാന കാരണം. 34.25 കോടി രൂപ കേന്ദ്ര ഗ്രാന്റ് ഉൾപ്പെടെയാണ് അനുമതി നൽകിയിരുന്നത്. എന്നാൽ തുടർ പ്രവർത്തനങ്ങളിൽ വേണ്ടത്ര ഗൗരവം കാട്ടിയില്ല. കേന്ദ്ര സർക്കാർ അനുവദിച്ച 20.11 കോടി ചെലവഴിച്ചുള്ള കെട്ടിട സമുച്ചയ നിർമ്മാണം അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്.
# പരിമിതികളിൽ വീർപ്പുമുട്ടുന്നു
നിലവിൽ താത്കാലിക പ്രവർത്തനത്തിന് 3.10 കോടി മുടക്കി അത്യാധുനിക വിദേശ നിർമ്മിത ഉപകരണങ്ങൾ വാങ്ങിയെങ്കിലും സ്ഥല പരിമിതി മൂലം പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞിട്ടില്ല. ജീവനക്കാർക്ക് ഇരിക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥ. ഇപ്പോൾ നടക്കുന്നത് സാധാരണ ലാബ് പരിശോധനകൾ മാത്രം. മെഡിക്കൽ കോളേജ് ആശുപത്രി ബി ബ്‌ളോക്കിലെ രണ്ടാം നിലയിൽ 800 ചതുരശ്ര മീറ്ററിൽ പത്തുവർഷം മുമ്പ് അനുവദിച്ച ഭാഗത്താണ് ലാബ് പ്രവർത്തിക്കുന്നത്.
.............................................
# വേണ്ടത് ആർജവം
കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞു
മെല്ലെപ്പോക്കു നിമിത്തം കാര്യങ്ങൾ അവതാളത്തിലായി
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സജ്ജമാക്കുന്നത് ലബോറട്ടറികൾ, ഗസ്റ്റ് ഹൗസ്, ഹോസ്റ്റലുകൾ, പരീക്ഷണത്തിനുള്ള അനിമൽ ഹൗസ്
പ്രവർത്തനം തുടങ്ങിയാൽ തെക്കൻ സംസ്ഥാനങ്ങളിലെ രോഗനിർണ്ണയ ലാബായി മാറും