 പരിശോധന പേരിനുപോലുമില്ല

ആലപ്പുഴ : ചൂട് കടുത്തതോടെ തെല്ലൊരാശ്വാസത്തിനായി ശീതളപാനീയങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. ദേശീയപാതയോരത്തെ ശീതളപാനീയ കടകളിൽ തിരക്ക് വർദ്ധിക്കുമ്പോഴും ഇവ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ആശങ്കയുണർത്തുന്നു. പരിശോധനാ സംവിധാനം ശക്തമല്ലാത്തതാണ് കാരണം.

സിപ് അപ്, ശീതളപാനീയങ്ങൾ എന്നിവയുടെയും സ്വകാര്യ ആർ.ഒ പ്ളാന്റുകളിലെ കുടിവെള്ളത്തിന്റെയും പരിശോധനയ്ക്കായി മുൻവർഷങ്ങളിൽ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിരുന്നെങ്കിലും ഇത്തവണ ഇത്തരം പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.

റോഡരികിൽ കുലുക്കി സർബത്ത്, തണ്ണിമത്തൻ ജൂസ്, മോര് എന്നിവയുടെ കച്ചവടമാണ് പൊടിപൊടിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന വെള്ളം, ഐസ് തുടങ്ങിയവ ശുദ്ധമാണോയെന്നതിൽ യാതൊരു ഉറപ്പുമില്ല. മത്സ്യം കേടുപാടുണ്ടാകാതിരിക്കാൻ ഉപയോഗിക്കുന്ന ഐസ് പാനീയങ്ങളിലും കലർത്തുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് പലേടങ്ങളിലും ശീതളപാനീയങ്ങൾ തയ്യാറാക്കുന്നത്. തുറന്നുവച്ചിരിക്കുന്ന വെള്ളത്തിൽ പൊടിപടലങ്ങൾ കലരുന്നുണ്ട്.

രാത്രികാലത്ത് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന തണ്ണിമത്തൻ എലികൾ തുരന്നു തിന്നാറുണ്ട്. ഇത്തരം ഭാഗം മുറിച്ചു കളഞ്ഞിട്ട് അതേ തണ്ണിമത്തൻ ജ്യൂസിന് ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്..

ശീതളപാനീയ വില്പനശാലകൾ നിയന്ത്രിക്കേണ്ടത് നഗരസഭയും പഞ്ചായത്തുകളുമാണെങ്കിലും അവരൊന്നും ഇത് കണ്ട ഭാവം കാണിക്കുന്നില്ല. ശുചിത്വം ഇല്ലാത്ത പാനയങ്ങളുടെ ഉപയോഗത്തിലൂടെ അതിസാരം,ഛർദ്ദി, ഉദരരോഗം തുടങ്ങിയവ പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണ്.

സൂക്ഷിക്കുക

 ശീതള പാനീയങ്ങൾ കുടിക്കുന്നതിനുമുമ്പ് കടയിലെ ശുചിത്വം ഉറപ്പാക്കുക

 ഉപയോഗിക്കുന്ന ഐസ് ഗുണനിലവാരമുള്ളതാണോയെന്ന് ശ്രദ്ധിക്കുക


പരിശോധിക്കുമെന്ന്

ജീവനക്കാർ

കടിഞ്ഞാണില്ലാതെ പ്രവർത്തിക്കുന്ന ശീതളപാനീയ കേന്ദ്രങ്ങളെ ആരോഗ്യവകുപ്പ് -ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നില്ലെന്ന് പരാതിയുണ്ട്. ത്രിതല പഞ്ചായത്തുകളിലെ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പരിശോധന നടത്താൻ ജില്ലാ അധികാരികൾ നിർദേശം നൽകിയിട്ട് ജില്ലയിൽ പരിശോധന കാര്യക്ഷമമല്ല. വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്നാണ് ജീവനക്കാർ പറയുന്നത്.


 ടാങ്കർ വെള്ളം തന്നെ ശരണം

ജലഅതോറിട്ടിയുടെ കുടിവെള്ളവിതരണം കാര്യക്ഷമമല്ലാത്ത കുട്ടനാടിന്റെ വിവിധ പഞ്ചായത്തുകളിൽ സ്വകാര്യവാഹനങ്ങളിൽ ഘടിപ്പിച്ച ടാങ്കുകളിൽ വെള്ളം കൊണ്ടുവന്ന് വിൽക്കുന്നത് വർദ്ധിച്ചു. നീലംപേരൂർ,കാവാലം,പുളിങ്കുന്ന് പഞ്ചായത്തുകളിൽ നിരവധി വാഹനങ്ങൾ ടാങ്കുകളിൽ വെളളം കൊണ്ടുവന്ന് വിറ്റഴിക്കുന്നുണ്ട്. കാവാലം,നീലംപേരൂർ പഞ്ചായത്തുകളിൽ ഒരു ലിറ്ററിന് 50-90 പൈസ നിരക്കിലാണ് ഈടാക്കുന്നതെങ്കിൽ ജങ്കാർ കടന്ന് ഇതേ വെളളം പുളിങ്കുന്ന് പഞ്ചായത്തിൽ വിറ്റഴിക്കുന്നത് ഒരു രൂപയ്ക്കാണ്. കോട്ടയം ജില്ലയിലെ തുരുത്തി,വാഴപ്പളളി,കുറിച്ചി,മലകുന്നം,ചിങ്ങവനം,പാത്താമുട്ടം തുടങ്ങിയ ഭാഗങ്ങളിലെ കിണറുകളിൽ നിന്ന് ശേഖരിക്കുന്ന വെളളമാണ് വാഹനങ്ങളിൽ കൊണ്ടുവന്ന് വിൽക്കുന്നത്. വെള്ളം കിണറുകളിൽ നിന്ന് നേരിട്ട് ടാങ്കർലോറികളിലേക്ക് പമ്പ് ചെയ്തു കൊണ്ടുവന്നാണ് വില്പനയെന്നും . ആവശ്യമായ ശുദ്ധീകരണം നടത്താറില്ലെന്നും പറയപ്പെടുന്നു.