thankamma

ഹരിപ്പാട്: പ്രായാധി​ക്യം മൂലം ഭാസ്കരന് കണ്ണി​ന് കാഴ്ച്ചയി​ല്ല. ഭാര്യ തങ്കമ്മയ്ക്ക് വാർദ്ധക്യത്തി​ന്റെ അവശതകളും. ഇരുവരും പുറം ലോകവുമായി ബന്ധപ്പെടാൻ മാർഗമില്ലാതെ വീട്ടി​ൽ ഒറ്റപ്പെട്ടി​രിക്കുകയാണ്. കരസേനയി​ലെ ജവാന്റെ മാതാപി​താക്കളുമാണി​വർ.പ്രളയത്തിൽ തകർന്ന റോഡ് വെള്ളപ്പൊക്കത്തിൽ ആറ്റിലേക്ക് ഇടിഞ്ഞു വീണതോടെയാണ് ആയാപറമ്പ് കളരിക്കൽ വീട്ടിൽ ഭാസ്കരനും ഭാര്യയ്ക്കും ഈ ദുരി​താവസ്ഥ ഉണ്ടായത്.

കളക്ടറേറ്റ് മുതൽ പഞ്ചായത്ത് ഓഫീസ് വരെ നിരവധി തവണ കയറി ഇറങ്ങിയിട്ടും നീതി ലഭിക്കുന്നില്ലെന്ന് ഇവർ പറയുന്നു.

ചെറുതന ആയാപറമ്പ് കടവ് വടക്കേക്കരയിൽ നിന്നു വേലിയിൽപാലം വരെയുള്ള റോഡാണ് ആറ്റിലേക്കുവീണത്. പ്രദേശത്തെ പത്തോളം വീട്ടുകാർക്ക് അതോടെ വഴിയില്ലാതെയായി.

കഴിഞ്ഞ പ്രളയത്തിൽ റോഡിന്റെ വശങ്ങൾ ആറ്റിലേക്കു വീണിരുന്നു. പിന്നീടു വരമ്പുപോലെയുള്ള റോഡിലൂടെയായിരുന്നു നാട്ടുകാർ സഞ്ചരിച്ചിരുന്നത്. കഴിഞ്ഞ ശക്തമായ മഴയത്ത് അതുംകൂടി തകർന്നു. റോഡിന്റെ വശങ്ങൾ ഇടിഞ്ഞു വീഴുന്നതു സമീപമുള്ള വീടുകൾക്കും ഭീഷണി ഉയർത്തുന്നുണ്ട്. പ്രായമായവർക്കും രോഗികളായവർക്കുമാണ് ഏറെ ബുദ്ധിമുട്ട്.

ഭാസ്കരന്റെ മകൻ ഷിബു കരസേനയി​ൽ ജവാനാണ്. ജവാന്റെ മാതാപിതാക്കളോട് അധികൃതർ കാണിക്കുന്ന അനാസ്ഥ കാണിച്ച് ജില്ലാ കളക്ടർ, സ്ഥലം എം.എൽ.എ, പഞ്ചായത്ത് അധികൃതർ എന്നിവിടങ്ങളിലെല്ലാം അപേക്ഷ നൽകിയെങ്കിലും നാളിതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. റോഡിന്റെ വശങ്ങളിൽ പിച്ചിംഗ് കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടികൾ മേജർ ഇറിഗേഷൻ വകുപ്പ് സ്വീകരിക്കണം.