ടൗൺഹാൾ ജംഗ്ഷൻ - ആശുപത്രി ജംഗ്ഷൻ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം
ഹരിപ്പാട്: ഹരിപ്പാട് ടൗൺഹാൾ ജംഗ്ഷൻ മുതൽ ആശുപത്രി ജംഗ്ഷൻ വരെയുള്ള റോഡിലെ ഗതാഗതപ്രശ്നം ഒരു അന്തവുമില്ലാതെ പോകുകയാണ്.
അനധികൃത പാർക്കിംഗ് കാരണം വൺവേയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. യാത്രക്കാർ വലഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ. ഹരിപ്പാട് ടൗൺഹാൾ ജംഗ്ഷൻ മുതൽ ആശുപത്രി ജംഗ്ഷൻ വരെയുള്ള റോഡിലാണ് ഗതാഗതക്കുരുക്ക് നാൾക്കുനാൾ രൂക്ഷമാകുന്നത്. കോടതി ജംഗ്ഷൻ, കെ.എസ്.ഇ.ബി ഓഫീസ് എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. വൺവേ സംവിധാനം കാര്യക്ഷമമാക്കാൻ ഹോം ഗാർഡിന്റെ സേവനം ഉണ്ടെങ്കിലും പാർക്കിംഗ് നിയന്ത്രിക്കാൻ ഇവർക്ക് കഴിയാറില്ല. റോഡിന്റെ ഒരു വശത്തായി പാർക്കിംഗ് ഏരിയ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവ മറികടന്ന് റോഡിന്റെ മദ്ധ്യഭാഗം വരെ ആളുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. രാവിലെ 8മണിക്ക് ശേഷവും രാത്രി 8ന് മുൻപും വലിയ വാഹനങ്ങളിൽ ചരക്കു കയറ്റാനായി നിർത്തി ഇടരുതെന്നു നിർദേശം ഉണ്ടായിരുന്നെങ്കിലും അതും പാലിക്കപ്പെടുന്നില്ല. ഇങ്ങനെ വാഹനങ്ങൾ റോഡരികിൽ നിർത്തി സാധനങ്ങൾ കയറ്റി ഇറക്കുന്നത് മണിക്കൂറുകൾ ഗതാഗതം തടസപ്പെടാൻ കാരണം ആകുന്നുണ്ട് .
മന്ത്രി പറഞ്ഞിട്ടും രക്ഷയില്ല
വൺവേയിൽ പാർക്കിംഗിനായി സ്ഥലം അനുവദിച്ചതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചിരുന്നു. ജൂൺ 22ന് ഡാണാപ്പടി റീൻപാലസ് ഓഡിറ്റോറിയത്തിൽ നടന്ന കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിമർശനം. പി.ഡബ്യു.ഡി എൻജിനിയർമാർ ആരോട് ചോദിച്ചിട്ടാണ് ഹരിപ്പാട് ടൗൺഹാൾ മുതൽ റവന്യു ടവർ വരെയുള്ള റോഡിൽ പാർക്കിംഗിനായി വെള്ള വര വരച്ച് നൽകിയതെന്നാണ് മന്ത്രി ചോദിച്ചത്. വൈകുന്നേരത്തിന് മുമ്പ് വര മാറ്റിയില്ലെങ്കിൽ എ.ഇയെ സസ്പെൻഡ് ചെയ്യുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല.
പാളിയ വൺവേ സംവിധാനം
നഗരത്തിലെ ഗതാഗതം സുഗമമാക്കാനായാണ് നഗരസഭ മുൻകൈയെടുത്ത് വൺവേ സംവിധാനം ഏർപ്പെടുത്തിയത്. ഇതോടൊപ്പം വാഹനങ്ങൾ പാർക്ക് ചെയ്യാനായി ആശുപത്രി ജംഗ്ഷന് സമീപം സ്ഥലവും ക്രമീകരിച്ചിരുന്നു. എന്നാൽ അതിൽ ഒരു ഭാഗം ഗാന്ധി സ്ക്വയർ ഓപ്പൺ ഓഡിറ്റോറിയത്തിനായി കെട്ടിയടച്ചു. മറ്റുഭാഗങ്ങൾ വഴിയോര കച്ചവടക്കാരും കൈയ്യടക്കി.
നഗരത്തിൽ പൊലീസ് സ്റ്റേഷന് സമീപം ഉൾപ്പടെ അനധികൃത പാർക്കിംഗ് വർദ്ധിച്ചു. ഇത് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പൊലീസ് അധികാരികളോ നഗരസഭാ അധികൃതരോ നടപടി സീകരിക്കാത്തത് കഷ്ടമാണ്.
കച്ചവടക്കാർ