അപകണക്കെണിനായി കാനകളും സ്ളാബുകളും
ആലപ്പുഴ: നഗരത്തിലെ ഇടുങ്ങിയ റോഡരികുകളിൽ സ്ഥാപിച്ചിട്ടുള്ള കൽകുറ്റികളും തൂണുകളും ഫുട്പാത്തുകളിലെ പൊളിഞ്ഞ സ്ലാബുകളും അപകടക്കെണിയാവുന്നു.
ബോട്ട് ജെട്ടി-വൈ.എം.സി.എ റോഡ്, മുല്ലയ്ക്കൽ, ഇരുമ്പുപാലം, ജനറൽ ആശുപത്രി, കടപ്പുറം ആശുപത്രിക്ക് സമീപം എന്നിവിടങ്ങളിലെ കാനകളുടെ മുകളിലെ സ്‌ളാബുകളാണ് കാലപ്പഴക്കത്തിൽ തകർന്നത്. വൈദ്യുതി വിളക്ക് സ്ഥാപിക്കാനായി നിർമ്മിച്ച കോൺക്രീറ്റ് തൂണുകൾ പലതും ഉപയോഗ ശൂന്യമായി. 1987ൽ തച്ചടി പ്രഭാകരൻ ധനമന്ത്രിയായിരിക്കുമ്പോൾ ആലപ്പുഴ നഗരം പ്രകാശിതമാക്കാൻ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് നഗരത്തിലെ റോഡുകളിൽ സോഡിയം വേപ്പർ ലാമ്പുകൾ സ്ഥാപിച്ചു. ആദ്യഘട്ടത്തിൽ കെ.എസ്.ഇ.ബിക്കായിരുന്നു പരിപാലന ചുമതല. ത്രിതല പഞ്ചായത്ത് നിയമം വന്നതോടെ നഗരസഭയ്ക്കായി. ഇതോടെ കൃത്യമായ അറ്റകുറ്റപ്പണി മുടങ്ങി. പൈപ്പുകൾ ദ്രവിച്ച് ഒടിഞ്ഞ നിലയിലാണ്. അന്ന് സ്ഥാപിച്ച ഭൂരിഭാഗം ലൈറ്റുകളും ഇപ്പോൾ മിഴിതുറക്കാത്തതിനാൽ നഗരം ഇരുട്ടിലായ അവസ്ഥയിലാണ്.
ഒടിഞ്ഞും ചെരിഞ്ഞും റോഡിലോട്ടു കയറിയും നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ, ഭൂഗർഭ കേബിളുകൾ വന്നതോടെ വേണ്ടാതായ ടെലിഫോൺ പോസ്റ്റുകൾ, ഒടിഞ്ഞതും തകർന്നതുമായ കോൺക്രീറ്റ് തൂണുകളുടെ ശേഷിക്കുന്ന ഭാഗങ്ങൾ തുടങ്ങി നിരവധി ഇനങ്ങളാണ് വഴിമുടക്കികളായി നഗരത്തിന്റെ പലയിടങ്ങളിലുമുള്ളത്.
ഒഴിയാതെ വഴിവാണിഭം
മുല്ലയ്ക്കൽ ചിറപ്പ് കഴിഞ്ഞിട്ടും നഗരത്തിലെ വഴിവാണിഭക്കാർ ഒഴിയുന്നില്ല. എസ്.ഡി.വി സ്‌കൂളിന് മുൻഭാഗം, മുല്ലയ്ക്കൽ തെരുവ്, ബോട്ട് ജെട്ടി മുതൽ വൈ.എം.സി.എ വരെയുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ നിർമ്മിച്ച പാത പൂർണ്ണമായും നിരത്ത് കച്ചവടക്കാർ കയ്യടക്കിയിരിക്കുകയാണ്. നഗരത്തിലെ മുക്കിലും മൂലയിലും വരെ മാലിന്യ നിക്ഷേപവും രൂക്ഷമായി. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സി.സി.ടി.വി കാമറകളിൽ പലതും പ്രവർത്തന രഹിതമാണ്.
.....................................
'തകർന്ന കാനകളും സ്‌ളാബുകളും അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ച് പുനർ നിർമ്മിക്കുന്നതിന് നടപടി ആരംഭിച്ചു.നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറകളുടെ പ്രവർത്തന തകരാറുകൾ പരിഹരിച്ച് ഉടൻതന്നെ സജ്ജമാക്കും'
(ബഷീർ കോയാപറമ്പിൽ, ചെയർമാൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി)