പ്രളയത്തിൽ ബലക്ഷയം സംഭവിച്ച കേട്ടിടം അപകടാവസ്ഥയിൽ
കുട്ടനാട്: പ്രളയത്തിൽ ബലക്ഷയം സംഭവിച്ച വെളിയനാട് സാമൂഹ്യാരോഗ്യ കേന്ദ്രം നാട്ടുകാർക്ക് ഭീഷണിയാവുന്നു. ഏതു നിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിലാണ് കെട്ടിടം.
പ്രളയത്തെ തുടർന്ന് കെട്ടിടത്തിന്റെ ഭിത്തികൾ പൊട്ടി മേൽക്കൂരയ്ക്ക് ബലക്ഷയം സംഭവിച്ചു. പൊതുമരാമത്ത് അധികൃതർ നടത്തിയ പരിശോധനയിൽ അപകടാവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രിയുടെ പ്രവർത്തനം അടിയന്തിരമായി മറ്റേതെങ്കിലും കെട്ടിടത്തിലേക്ക് മാറ്റണമെന്നും ശുപാർശ ചെയ്തതാണ്. എന്നാൽ ഒന്നര വർഷം പിന്നിട്ടിട്ടും മേൽ നടപടികൾ ഒന്നുമുണ്ടായില്ല. മഴയത്ത് ഒരു തുള്ളി വെള്ളംപോലും പുറത്തുപോകാത്ത അവസ്ഥയാണുള്ളത്.
1956 ൽ പ്രവർത്തനം ആരംഭിച്ച ഈ സാമൂഹ്യാരോഗ്യകേന്ദ്രം പുളിങ്കുന്ന്, കാവാലം, നീലംപേരൂർ, മുട്ടാർ, രാമങ്കരി, വെളിയനാട്, പായിപ്പാട് എന്നീ പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകളുടെ ആശ്രയകേന്ദ്രമായിരുന്നു. ഒ.പിയിൽ ദിവസം നാനൂറിന് മുകളിലും കിടത്തി ചികിത്സയ്ക്ക് നാൽപ്പതിലേറെയും രോഗികൾ ഇവിടെ എത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം മുതൽ പ്രസവ ശുശ്രൂഷകൾ വരെയും നടന്നിരുന്ന ഇവിടെ അഞ്ച്‌ഡോക്ടർമാരും 30 ജീവനക്കാരും 108 ആംബുലൻസ് സൗകര്യവും ഉണ്ടെങ്കിലും വേണ്ടത്ര ചികിത്സാ സംവിധാനങ്ങളില്ല. വിരലിലെണ്ണാവുന്നവർക്കു പോലും മതിയായ ചികിത്സ ലഭിക്കുകയെന്നത് പ്രയാസമായി.
ഇഴജന്തുക്കളുടെ കേന്ദ്രം
രാത്രിയിൽ ഇഴജന്തുകളുടെയും മരപ്പട്ടിയുടെയും വിഹാരകേന്ദ്രം കൂടിയാണ് ആശുപത്രി കെട്ടിടം. കിടങ്ങറ വെളിയനാട് റോഡിൽ നിന്നു പന്ത്രണ്ട് അടിയിലേറെ താഴ്ചയിൽ സ്ഥിതി ചെയ്യുന്നതിനാൽ ആശുപത്രി പരിസരം ചെറിയൊരു മഴയിൽപ്പോലും മുങ്ങും.
പ്രളയത്തിന് ശേഷം മന്ത്രി തോമസ് ഐസക് ആശുപത്രി സന്ദർശിച്ചിരുന്നു. ആശുപത്രി കെട്ടിടം പൊളിച്ചു പണിയുന്നതിനുള്ള പ്രോജക്ട് സമർപ്പിക്കാനും അധികൃതരോട് പറഞ്ഞതാണ്. എന്നാൽ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് തുടർ നടപടികൾ സ്വീകരിക്കാൻ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് വെളിയനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് സാബുതോട്ടുങ്കൽ പറഞ്ഞു.