കായംകുളം: പുതുവത്സര ആഘോഷത്തിന്റെ മറവിൽ രാത്രിയിൽ കായംകുളത്ത് രണ്ട് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം. ക്ഷേത്രം ഭാരവാഹികൾ കായംകുളം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം തുടങ്ങി.
എരുവ കിഴക്ക് തിരുവമ്പാടി നവനീത ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചേരാവള്ളി പുതുക്കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾക്ക് നേരെയാണ് രാത്രി ആക്രമണം ഉണ്ടായത്.സമീപമുള്ള വീടിന്റെ പോർച്ചിൽ ഉണ്ടായിരുന്ന പൾസർ ബൈക്കും നശിപ്പിച്ചു. ഉപേക്ഷിച്ച നിലയിൽ ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
നവനീത ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വെളുപ്പിനെ ഭക്തർ എത്തിയപ്പോഴാണ് ആക്രമണ വിവരം അറിഞ്ഞത്. കസേരകൾ തല്ലിതകർക്കുകയും സപ്താഹത്തിന് സൂക്ഷിച്ചിരുന്ന വിറകുകൾ വാരിയെറിയുകയും ചെയ്തു. ഫ്ളക്സും നശിപ്പിച്ചിട്ടുണ്ട്. ഉൗട്ടുപുരയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിൽ ചുറ്റും ആണിയടിച്ച മരക്കഷണം, വാഹനത്തിന്റെ ആക്സിൽ എന്നിവ കണ്ടെത്തി.പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി. കൈരളികുമാർ, സെക്രട്ടറി കെ.എൻ പ്രഭാകരൻ എന്നിവർ പരാതിയിൽ പറഞ്ഞു.
ക്ഷേത്രത്തിന്റെ ഗേറ്റ് തല്ലിതകർത്താണ് ആക്രമികൾ ക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന് ചേരാവള്ളി പുതുക്കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സെക്രട്ടറി കെ.പി പ്രശാന്ത് കുമാർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്തില്ലങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.