ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ആലപ്പുഴ ലജനത്തുൽ മുഹമ്മദിയയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 4ന് ആലപ്പുഴ നഗരത്തിൽ 25,000 പേരുടെ റാലി സംഘടിപ്പിച്ചിട്ടുള്ളതിനാൽ
ഉച്ചയ്ക്ക് 12 മുതൽ 6 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കളർകോട് ബൈപ്പാസിൽ നിന്നാരംഭിക്കുന്ന റാലി ജനറൽ ആശുപത്രി ജംഗ്ഷൻ, പിച്ചു അയ്യർ ജംഗ്ഷൻ, എ.വി.ജെ ജംഗ്ഷൻ വഴി നഗര ചത്വരത്തിൽ അവസാനിക്കും. തെക്കുനിന്നു വരുന്ന വാഹനങ്ങൾ കളർകോട് ജംഗ്ഷനിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞ് ഗുരുമന്ദിരം ജംഗ്ഷൻ, ത്രിവേണി, വലിയകുളം, കളക്ടറേറ്റ് ജംഗ്ഷൻ, ശവക്കോട്ട പാലം കടന്ന് പോകണം. വടക്കുനിന്ന് വരുന്ന വാഹനങ്ങൾ ശവക്കോട്ട പാലം, വൈ.എം.സി.എ ജംഗ്ഷൻ, കൺട്രോൾ ജംഗ്ഷൻ, കല്ലുപാലം, കൈതവന ജംഗ്ഷൻ, താനാകുളം, കളർകോട് വഴി പോകണം. ചങ്ങനാശേരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കൈതവന, താനാകുളം, കളർകോട് ജംഗ്ഷൻ, ബൈപാസ്, കുതിരപ്പന്തി, ത്രിവേണി ജംഗ്ഷൻ, വലിയകുളം ജംഗ്ഷൻ, ശവക്കോട്ടപാലം വഴിയും കടന്നുപോകണം.
നഗരത്തിൽ ഇന്നു വൈകിട്ട് 3 മുതൽ രാത്രി 8 വരെ വലിയവാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. ഈ സമയം വടക്കുനിന്നു വരുന്ന വലിയ വാഹനങ്ങൾക്ക് മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലും, തെക്കുനിന്നുള്ളവയ്ക്ക് പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത തടസം സൃഷ്ടിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി അറിയിച്ചു.