ചാരുംമൂട്: നാടിന് വികസന പാതയൊരുക്കി മുൻപേ നടന്ന ജനപ്രതിനികൾക്ക് ആദരവൊരുക്കി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്.
അധികാര വികേന്ദ്രീകരണത്തിലൂടെ ത്രിതല പഞ്ചായത്തുകൾ രൂപം കൊണ്ടശേഷം 1995 മുതൽ 2015 വരെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളായിരുന്നവർക്ക് പുതുവർഷദിനത്തിൽ ആദരവ് നൽകിയാണ് നിലവിലെ ഭരണ സമിതി അപൂർവമായ ഒത്തുചേരലിന് വേദിയാരുക്കിയത്. ഈ കാലയളവിൽ സെക്രട്ടറിമാരായിരുന്ന ഉദ്യോഗസ്ഥർക്കും ആദരവ് നൽകി.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ആർ.രാജഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് വികസന പദ്ധതികൾ വിശദീകരിച്ചു.
ജനകീയാസൂത്രണ കാലയളവു മുതലുള്ള ഭരണാനുഭവങ്ങൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കുവെച്ചു.
മുൻ പ്രസിഡന്റുമായിരുന്ന വി.വിനോദ് ,എ.മണിയമ്മ, രജനി തമ്പി എന്നിവർ ചേർന്ന് കേക്ക് മുറിച്ച് സഹപ്രവർത്തകർക്ക് മധുരം നൽകി. ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ പി.അശോകൻ നായർ, ശാന്താഗോപാലകൃഷ്ണൻ, വി.ഗീത, ഓമനാ വിജയൻ, ഇന്ദിരാ തങ്കപ്പൻ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗീതാ മധു, എ.നൗഷാദ്, രമാ ഉണ്ണിക്കൃഷ്ണൻ മുൻ ജനപ്രതിനിധികളായ കെ.സാദിഖ് അലീഖാൻ, എ.മുരളി, ഗംഗാധരൻ, എം.ആർ.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തൊഴിലുറപ്പ് ജോലിയിൽ ഈ വർഷം 200 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ വള്ളികുന്നം പഞ്ചായത്തിലെ ഉണ്ണിയാർച്ച, മാളു എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.