ഓച്ചിറ: കാറിൽ കടത്തിയ 200 കിലോ ചന്ദനവുമായി രണ്ടു യുവാക്കളെ ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓച്ചിറ ചങ്ങൻകുളങ്ങര എസ്.എൻ മൻസിലിൽ അനസ് (32), മൈനാഗപ്പള്ളി കടപ്പ നെടിയവിള കിഴക്കതിൽ ഷാജി (32) എന്നിവരാണ് പിടിയിലായത്. പുതുവൽസര ആഘോഷം കണക്കിലെടുത്ത് കഴിഞ്ഞ രാത്രിയിൽ ഓച്ചിറ സി.എെ പ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്.

യുവാക്കൾ മദ്യപിച്ച നിലയിലായതിനാൽ കാർ പരിശോധിച്ചപ്പോഴാണ് ചന്ദനം കണ്ടെത്തിയത്. ഹരിപ്പാട് മണ്ണാറശാലക്ക് സമീപത്തെ വീട്ടിൽ നിന്നും മോഷ്ടിച്ചതാണ് ചന്ദനം. ചന്ദനം നൽകിയ കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി അശാസിന്റെ വീട്ടിൽ പൊലീസ് തെരച്ചിൽ നടത്തി.

ഒരുവർഷം മുമ്പ് ദേശീയ പാതയിൽ കാർ തടഞ്ഞുനിർത്തി കൊല്ലം സ്വദേശികളായ അച്ഛനെയും മകനെയും വെട്ടി പരിക്കേൽപിച്ച കേസിലെ പ്രതിയാണ് അനസ്. പ്രതികളെ ചന്ദനം സഹിതം കോന്നി ഫോറസ്റ്റ് ഡിവിഷൻ സൗത്ത് കുമ്മണ്ണൂർ ഫോറസ്റ്റ് ഓഫീസർ സനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറി. കഴിഞ്ഞ ദിവസം ചങ്ങൻകുളങ്ങര മഹാദേവർ ക്ഷേത്രത്തിലെ 40 വർഷം പഴക്കമുള്ള ചന്ദന മരം മോഷണം പോയിരുന്നു.