ആലപ്പുഴ: ഇലക്ഷൻ സംബന്ധിച്ച അപേക്ഷകളെല്ലാം എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ടിക്കാറാം മീണ പറഞ്ഞു. ചെങ്ങന്നൂർ റവന്യൂ ഡിവിഷനിലെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാൻസ് ജൻഡർമാർ, വൈകല്യമുള്ളവർ, 90 വയസ് കഴിഞ്ഞവർ എന്നിവരെ പ്രത്യേകം കണ്ടെത്തി താലൂക്ക് തലത്തിൽ പ്രതേക ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങണം.. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ബി.എൽ.ഒ മാരുടെ ജോലികൾ വളരെ ഉത്തരവാദിത്വപ്പെട്ടതാണ്. ഈ ജോലികൾക്ക് താൽപര്യമില്ലാത്ത ബി.എൽ.ഒ മാരെ കാരണം കാണിക്കൽ നോട്ടീസ് നൽകി നീക്കം ചെയ്യണം. 25ന് ദേശീയ വോട്ടേഴ്‌സ് ദിനത്തോടനുബന്ധിച്ചു താലൂക്ക് തലത്തിൽ സെമിനാർ, പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ ആർ.ഡി.ഒ ജി. ഉഷാകുമാരി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി തഹസിൽദാർമാർ തുടങ്ങിയവർ സംസാരിച്ചു.