വേമ്പനാട്ടു കായലിൽ കോളറ ബാക്ടീരിയ പെരുകുന്നു
ആലപ്പുഴ: ദൈനംദിനം നാശത്തിലേക്ക് കുതിക്കുന്ന വേമ്പനാട്ടു കായലിനെ കാർന്നു തിന്നാൻ കഴിയും വിധം 'വിബ്രിയോ കോളറെ' എന്ന ബാക്ടീരിയ പെരുകുന്നതായി ഗവേഷകർ കണ്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒാഷ്യാനോഗ്രഫി, നാഷണൽ എൺവയോൺമെന്റൽ റിസേർച്ച് സെന്റർ എന്നിവ സംയുക്തമായി വൈപ്പിൻ മുതൽ കൈനകരി വരെ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ അളവ് ഭീതിദമാം വിധം വർദ്ധിച്ചതായി കണ്ടെത്തിയത്.
വെള്ളത്തിലൂടെയും ആഹാര വസ്തുക്കളിലൂടെയും ഈ ബാക്ടീരിയകൾ ശരീരത്തിനുള്ളിൽ കടന്നാൽ വയറിളക്കം ഉൾപ്പെടെയുള്ള പകർച്ചവ്യാധികളാണ് ഫലം. വേനൽക്കാലത്തും വർഷകാലത്തും വയറിളക്ക രോഗങ്ങൾ പടർന്നു പിടിക്കുന്നതിൽ വേമ്പനാട് കായലിലെ കോളറ രോഗാണുക്കൾക്ക് മുഖ്യ സ്ഥാനമുണ്ടെന്ന് ഗവേഷണത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശരീരത്തിൽ കടക്കുന്ന ബാക്ടീരിയകൾ 'കോളറാ ടോക്‌സിൻ' എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ഇത് പകർച്ച വ്യാധികൾക്ക് കാരണമാവുകയും ചെയ്യുന്നു.
2018 ഏപ്രിൽ മുതൽ 2019 ആഗസ്റ്റ് വരെയാണ് സംഘം കായലിൽ പഠനം നടത്തിയത്. ഒരു കാലത്ത് ശുദ്ധജലം യഥേഷ്ടം കിട്ടിയിരുന്ന വേമ്പനാട്ട് കായൽ ഇന്ന് ഇൗ നിലയിലാവാൻ കാരണം ഹൗസ് ബോട്ട് മാലിന്യങ്ങൾ തന്നെയാണെന്ന് ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. വിബ്രിയോ കോളറെ ബാക്ടീരിയയ്ക്കു പിന്നാലെ ഇ-കോളി ബാക്ടീരിയുടെ സാന്നിദ്ധ്യം നേരത്തേതന്നെ കായലിൽ കണ്ടെത്തിയിരുന്നു. കായലിൽ പെരുകുന്ന മാലിന്യം സംബന്ധിച്ചും അതിന്റെ വ്യാപ്തിയെക്കുറിച്ചും മനസിലാക്കാൻ ഉപഗ്രഹ മാപ്പിംഗ് അടക്കമുള്ള വിശദ പഠനത്തിനൊരുങ്ങുകയാണ് ഗവേഷകർ.
മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഹൗസ് ബോട്ട് ഉടമകളുമായി ചേർന്ന് പുന്നമടയിൽ മാലിന്യ ശേഖരണ സംവിധാനം ഒരുക്കിയിരുന്നു. ആദ്യ ഘട്ടത്തിൽ 100 ഹൗസ് ബോട്ടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് സംസ്കരിക്കാനായിരുന്നു പദ്ധതി. എന്നാൽ ചുരുക്കം ചിലർ മാത്രമാണ് സഹകരിക്കുന്നത്. ഹൗസ് ബോട്ടുകളിലെ കക്കൂസ് മാലിന്യം അടക്കമുള്ളവ ഇപ്പോഴും വേമ്പനാട്ട് കായലിൽ ഒഴുക്കുകയാണ്.
..........................................
സർവ്വത്ര മാറ്റം
11,512 ചതുരശ്ര കിലോമീറ്റർ വിസ്തീർണവും 14 കിലോമീറ്റർ വീതിയുമുണ്ടായിരുന്നു വേമ്പനാട് കായലിന്. പക്ഷേ, ഇപ്പോൾ ഈ കണക്കും കായലിന്റെ വിസ്തൃതിയും തമ്മിൽ അത്ര ചേർച്ചയില്ല. വർഷം 6 മാസം ഉപ്പുവെള്ളമായിരിക്കും. മഴക്കാലത്ത് കായലിൽ നിന്നു കടലിലേക്ക് ഒഴുക്കുള്ളതു കൊണ്ട് വെള്ളം തെളിയും.
............................
വിബ്രിയോ കോളറെ
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറെ എന്നബാക്ടീരിയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നു ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗാണുക്കൾ ശരീരത്തിലെത്തുന്നത്. മനുഷ്യ വിസർജ്യങ്ങളിലൂടെ പുറത്തുവരുന്ന ഈ ബാക്ടീരിയകൾ വെള്ളത്തിൽ കലരുമ്പോഴാണ് രോഗം പെട്ടെന്ന് വ്യാപിക്കുന്നത്. ഇത്തരം ബാക്ടീരിയകൾക്ക് വെള്ളത്തിൽ കൂടുതൽ കാലം നിലനിൽക്കാൻ കഴിയുമെന്നതിനാൽ രോഗ വ്യാപനത്തിന്റെ ശക്തിയും കൂടും.
ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശനാക്കാനും മരണത്തിലേക്ക് നയിക്കാനും കോളറ ബാക്ടീരിയകൾക്ക് കഴിയും.
...................................
മത്സ്യങ്ങൾ മറയുന്നു
ഉൾനാടൻ മത്സ്യബന്ധന മേഖലയ്ക്ക് തിരച്ചടിയെന്നോണം കായലിലെ നിരവധി മത്സ്യ ഇനങ്ങൾ അപ്രത്യക്ഷമായി. കട്ട്ല, കണമ്പ്, പ്രാഞ്ചി, ഒറത്തൽ, തിരണ്ടി, മാലാൻ, കടൽ കറുപ്പ് തുടങ്ങിയ മത്സ്യങ്ങൾ ഒന്നര പതിറ്റാണ്ട് മുമ്പ് കായലിൽ സുലഭമായിരുന്നെങ്കിൽ ഇപ്പോൾ കാണാനില്ലാത്ത അവസ്ഥയാണ്. നാടൻ മുഷി, കോല, വഴക്കൂരി, ആറ്റുവാള, ആരകൻ, പന ആരകൻ, വാഹവരാൽ തുടങ്ങിയ മത്സ്യങ്ങളും വംശനാശ ഭീഷണിയിലാണ്.
...................................
'മനുഷ്യന് ഏറെ അപകടകാരിയായ വിബ്രിയോ കോളറെ ബാക്ടീരിയ കായലിനും മനുഷ്യർക്കും ഭീഷണിയാണ്. ഇൗ ബാക്ടീരിയ കായലിൽ എത്തിയത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ അനിവാര്യമാണ്'
(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒാഷ്യാനോഗ്രഫി ഗവേഷകർ)