 റാലിയിൽ അണിനിരന്നത് ആയിരങ്ങൾ


ആലപ്പുഴ: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ആലപ്പുഴ ലജനത്തുൽ മുഹമ്മദിയയുടെ ആഭിമുഖ്യത്തിൽ ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധറാലി നഗരത്തെ നിശ്ചലമാക്കി. അമ്പലപ്പുഴ താലൂക്കിലെ മുസ്ളീം മഹല്ലുകളുടെയും ഇതര സഹോദര സംഘടനകളുടെയും നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.

വൈകിട്ട് നാലരയോടെ കളർകോട് എസ്.ഡി കോളേജ് കവാടത്തിൽ നിന്നാരംഭിച്ച റാലി ദേശീയപാത വഴി വലിയചുടുകാട്, തിരുവമ്പാടി, ജനറൽ ആശുപത്രി ജംഗ്ഷൻ, ഇരുമ്പു പാലം, പിച്ചു അയ്യർ ജംഗ്ഷൻ, എ.വി.ജെ ജംഗ്ഷൻ, ജില്ലാക്കോടതി പാലം വഴി നഗരചത്വരത്തിൽ സമാപിച്ചു. നിരവധി വാഹനങ്ങളിലും കാൽനടയായുമെത്തിയ പ്രവർത്തകർ എസ്.ഡി കോളേജിലും സമീപത്തായി സജ്ജീകരിച്ച പ്രത്യേക സ്ഥലത്ത് അസർ നിസ്‌കാരം നടത്തിയ ശേഷമാണ് റാലിക്ക് തുടക്കം കുറിച്ചത്. മൂന്ന് മണിയോടെ തന്നെ എസ്.ഡി കോളേജ് അങ്കണവും പരിസരവും പ്രവർത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. വിവിധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചും ദേശീയ പതാകകൾ കൈയിലേന്തിയുമാണ് പ്രതിഷേധക്കാർ ജാഥയിൽ അണിനിരന്നത്. നെഹ്രു, ലാൽബഹദൂർ ശാസ്ത്രി, ഡോ. ബി.ആർ.അംബേദ്കർ, അലിമുഹമ്മദ്, ഡോ. രാജേന്ദ്രപ്രസാദ്, സ്വാമി വിവേകാനന്ദൻ തുടങ്ങി ദേശീയ നേതാക്കളുടെ ചിത്രങ്ങളും പൗരത്വ ബില്ലിനെതിരെയുള്ള പ്ളക്കാർഡുകളും കൈകളിലേന്തി മുദ്രാവാക്യങ്ങൾ മുഴക്കിയാണ് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ റാലിയിൽ അണിചേർന്നത്.

റോഡിലൂടെ നിരന്ന് ഒഴുകിയ റാലി ഒരു പോയന്റ് കടക്കാൻ 45മിനിറ്റിൽ അധിക സമയം വേണ്ടിവന്നു. 500മീറ്ററിൽ അധികം നീളം വരുന്ന ദേശീയപതാകയും റാലിയിൽ പങ്കെടുത്തവർ പിടിച്ചിരുന്നു. പ്രതിഷേധ റാലിക്ക് കൊഴുപ്പേകി ഉത്തരേന്ത്യൻ പ്രക്ഷോഭങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആസാദി മുദ്രാവാക്യവും പ്രവർത്തകർ ഏറ്റു വിളിച്ചു. ലജ്നത്തുൽ മുഹമ്മദിയ്യ പ്രസിഡന്റ് എ.എം. നസീർ, ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ, നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ദക്ഷിണ മേഖലാ ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് സലിം മാക്കിയിൽ, മണ്ണഞ്ചേരി ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് മജീദ് കുന്നപ്പള്ളി, അഡ്വ.കെ.നജീബ്, ബി.എ.ഗഫൂർ, പി.കെ.മുഹമ്മദ് ബാദ്ഷാ സഖാഫി, പി.എ.ശിഹാബുദ്ദീൻ മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.