ആലപ്പുഴ: ബീച്ചിൽ ഡി.ടി.പി.സിയിൽ നിന്ന് കരാർ എടുത്ത് റസ്റ്റോറന്റ് നടത്തുന്നയാളെ കൗൺസിലറുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയതായി പരാതി. ഉടമ ജോസ് ആറാത്തുംപള്ളിയാണ് വാർത്താസമ്മേളനത്തിൽ ആരോപണമുന്നയിച്ചത്.

ജനുവരി ഒന്നിന് രാത്രി 10 മണിയോടെ ഒരു സ്ത്രീ റസ്റ്റോറന്റിൽ എത്തി ടോയ് ലറ്റ് സൗകര്യം ആവശ്യപ്പെട്ടു. ഉപഭോക്താക്കൾക്ക് ഉള്ളതാണെന്ന് കൗണ്ടറിലുണ്ടായിരുന്നജീവനക്കാരി പറഞ്ഞതോടെ പുറത്തേക്ക് പോയ ഇവർ മറ്റു ചിലരുമായെത്തി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി. ഇതിൽ ഒരാൾ കൗൺസിലറായിരുന്നു. തുടർന്ന് ടോയ് ലറ്റ് സൗകര്യം അനുവദിച്ചു. സ്ത്രീക്കൊപ്പം വന്നവരാണ് ഭീഷണിപ്പെടുത്തിയതെന്ന് ജോസ് ആറാത്തുംപള്ളി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ആൾ കേരള ഗോൾഡ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി പാലത്ര, വ്യാപാരി വ്യവസായി സമിതി നോർത്ത് യൂണിറ്റ് ഭാരവാഹി ജോണിമുക്കം എന്നിവരും പങ്കെടുത്തു.