ചേർത്തല: ശരിദൂരവും സമദൂരവും മാറിമാറിപ്പറഞ്ഞിട്ടും ഉപതിരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യത മറയ്ക്കാൻ ചിലർ ഇതര സമുദായങ്ങളെ പേര് പറയാതെ ആക്ഷേപിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി സംഘടിപ്പിച്ച കുടുംബ സംഗമം 'ഹൃദയസംഗമം-2020' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി പിന്നെ ഭഗവാൻ പിമ്പേ എന്നതാണ് ഇവരുടെ രീതി. ഇത് സമൂഹം പുച്ഛിച്ചു തള്ളും. ജാതി പറഞ്ഞ് ആക്ഷേപിച്ച് ഈഴവരെ മുഖ്യമന്ത്രിക്കസേരയിൽ നിന്ന് തുരത്താനുള്ള ശ്രമങ്ങളാണ് സവർണ വിഭാഗം തുടരുന്നത്. സി.കേശവൻ, ആർ.ശങ്കർ, കെ.ആർ.ഗൗരിഅമ്മ, വി.എസ്.അച്യുതാനന്ദൻ.. അവസാനം പിണറായി വിജയനേയും ഇക്കൂട്ടർ വിടാതെ പിന്തുടരുകയാണ്. ഇനിയൊരു ഈഴവൻ മുഖ്യമന്ത്രിയാകാതിരിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും കൗശലപൂർവമാണ് കരുനീക്കം നടത്തുന്നത്. ഉദ്യോഗസ്ഥതലത്തിലെ ഉന്നത സ്ഥാനങ്ങളിൽ നിന്നു ഈഴവർ അകറ്റി നിറുത്തപ്പെടുന്നതു മൂലം അർഹതപ്പെട്ടത് പലതും നഷ്ടമാവുന്നു. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഒപ്പം പിന്നാക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സംവരണം ഏർപ്പെടുത്തണം. സംഘടിത മതവിഭാഗങ്ങൾ അധികാരങ്ങൾ കൈപ്പിടിയിലൊതുക്കുമ്പോൾ അസംഘടിതരായ പിന്നാക്കക്കാരൻ എന്നും പടിക്കു പുറത്താണ്. അധികാരം അധ:സ്ഥിതർക്കെന്ന് പറയുന്നവർ തന്നെ അധ:സ്ഥിതരെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ച് നിറുത്തുകയാണ്. ഒളിഞ്ഞും തെളിഞ്ഞും നേടാവുന്നതെല്ലാം നേടിയ ശേഷം സമുദായത്തെ തകർക്കാൻ ശ്രമിക്കുന്ന കുലംകുത്തികളെ തിരിച്ചറിഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്.അജുലാൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, യോഗം കൗൺസിലർ സി.എം.ബാബു,സെക്രട്ടറി ഡോ.വി.ശ്രീകുമാർ, കോ-ഓർഡിനേറ്റർ പി.വി.റെജിമോൻ എന്നിവർ സംസാരിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി അംഗങ്ങൾ, യൂണിയൻ ഭാരവാഹികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരാണ് സംഗമത്തിൽ പങ്കെടുത്തത്.