ആലപ്പുഴ: ജെ.സി.ബി ഓടിക്കാൻ നൽകാത്തതിന്റെ പേരിൽ കനാൽ ശുചീകരണ തൊഴിലാളികളെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പഞ്ചായത്ത് 15-ാം വാർഡിൽ വള്ളപ്പാടി കോളനിയിൽ രജീഷ് രാജു (32) പുതുവൽ വീട്ടിൽ സൗമ്യരാജ് ( അജിത് -32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പൂങ്കാവ് ബണ്ടിനു സമീപം എ.എസ് കനാൽ ശുചീകരണത്തിനായി എത്തിയ മൂന്ന് തൊഴിലാളികളെ മർദ്ദിച്ച ഇവർ രണ്ടു വാഹനങ്ങളും ജെ.സി.ബിയും അടിച്ചു തകർക്കുകയും ചെയ്തു . മദ്യപിച്ചെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ജെ.സി ബി ഡ്രൈവർ തൊടുപുഴ സ്വദേശി അനൂപ് (36) ലോറി ഡ്രൈവർമാരായ കോതമംഗലം സ്വദേശി ജിബി(36) റാന്നി സ്വദേശി ജിബി (35) എന്നീവരെ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു ലോറികളുടെ മുന്നിലെ ചില്ല് ഇരുമ്പ് വടി കൊണ്ട് അടിച്ചു തകർത്തു. ആക്രമണത്തെ തുടർന്ന് ഇന്നലെ കനാൽ ശുചീകരണ പ്രവൃത്തികൾ നിറുത്തി വച്ചു.