ചേർത്തല: മൈക്രോ ഫിനാൻസിന്റെയും കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളേജ് ഒഫ് എൻജിനിയറിംഗിന്റെയും പേരിലുയർന്ന സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനോടു വിശദീകരണം തേടാൻ സംസ്ഥാന കൗൺസിൽ തീരുമാനിച്ചതായി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. തൃപ്തികരമല്ലെങ്കിൽ തുടർ നടപടി സ്വീകരിക്കും.
'എസ്.എൻ.ഡി.പി യോഗത്തെയും പാർട്ടിയെയും സുഭാഷ് വാസു വഞ്ചിച്ചിരിക്കുകയാണ്. എനിക്കെതിരെ വിദേശത്തുണ്ടായ ചെക്ക് കേസിനു പിന്നിൽ പോലും ഇയാളുടെ കരങ്ങളുണ്ടോയെന്നു സംശയമുയർന്നിട്ടുണ്ട്. ക്രമക്കേടുകൾ പുറത്ത് വന്നതോടെയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. വിവരങ്ങൾ ബി.ജെ.പി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ബി.ജെ.പി ഇത്തരം നീക്കങ്ങളെ പിന്തുണക്കില്ല. നിരവധി സാമ്പത്തിക തിരിമറികളാണ് നടത്തിയിരിക്കുന്നത്. എൻജിനിയറിംഗ് കോളേജിന്റെ പേരിൽ 22 കോടിയാണ് തട്ടിയത്. പത്തനംതിട്ടയിൽ രണ്ടിടങ്ങിലായി 38 ഏക്കറോളം സ്ഥലം വാങ്ങിയെന്നാണ് അറിയാൻ കഴിഞ്ഞത്. സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് തുടരണോയെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. ടി.പി. സെൻകുമാറിന് ഈ വിഷയത്തിലെന്താണ് കാര്യമെന്നു മനസിലായിട്ടില്ല. കുട്ടനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ഡി.ജെ.എസ് പ്രതിനിധി തന്നെ മത്സരിക്കും. സ്ഥാനാർത്ഥി ആരെന്നത് പിന്നീട് തീരുമാനിക്കും'- തുഷാർ പറഞ്ഞു. സുഭാഷ് വാസുവിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടാവുമോയെന്ന ചോദ്യത്തിന്, ജ്യോതിഷികളല്ലാതെ ആരും ഉണ്ടാവാൻ സാദ്ധ്യതയില്ലെന്നായിരുന്നു മറുപടി.