അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനാഥ രോഗികൾക്ക് സന്നദ്ധ സംഘടനയായ തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ പ്രവർത്തകർ ഭക്ഷണ വിതരണം ആരംഭിച്ചു.
ആശുപത്രി വികസന സമിതിയുടെ ഫണ്ടിൽ നിന്നുള്ള തുക ചെലവഴിച്ച് ആശുപത്രി കാന്റീനിൽ നിന്നാണ് മൂന്നു നേരവും ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. എന്നാൽ കരാർ കാലാവധി കഴിഞ്ഞതിനാൽ മൂന്നു ദിവസം മുൻപ് കാന്റീൻ പ്രവർത്തനം നിലച്ചതോടെ അനാഥ രോഗികളുടെ ഭക്ഷണ വിതരണവും മുടങ്ങി. ഇതറിഞ്ഞ തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി, ബ്ലോക്ക് പഞ്ചായത്തംഗം യു.എം.കബീർ, വി.എസ്.സാബു എന്നിവരുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ കഴിയുന്ന എട്ടോളം അനാഥ രോഗികൾക്ക് ഭക്ഷണം എത്തിക്കുകയായിരുന്നു. ഇന്നു മുതൽ അനാഥ രോഗികൾക്ക് ഭക്ഷണം നൽകുന്ന ചുമതല ശ്രീ സത്യസായി സേവാസമിതി പുന്നപ്ര യൂണിറ്റ് ഏറ്റെടുക്കുമെന്ന് ജില്ലാ കോഓർഡിനേറ്റർ വി.എസ്.സാബു പറഞ്ഞു. കാന്റീൻ പ്രവർത്തനം നിലച്ചതിനാൽ മറ്റേതെങ്കിലും കടയിൽ ഭക്ഷണ വിതരണത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്ന് സൂപ്രണ്ട് ഡോ. ആർ.വി.രാം ലാൽ അറിയിച്ചു.