ആലപ്പുഴ: പൗരത്വ നിയമഭേദഗതി ബിൽ ആരെയും രക്ഷിക്കാനും സഹായിക്കാനുമല്ല, മറിച്ച് മതധ്രുവീകരണമുണ്ടാക്കാൻ വേണ്ടിയാണെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ അഭിപ്രായപ്പെട്ടു. ലജനത്തുൽ മുഹമ്മദീയയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ താലൂക്കിലെ മഹല്ല് കമ്മിറ്റികളുടെയും മുസ്ലീം സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതം വെട്ടിമുറിച്ചുകൊണ്ടിരിക്കുകയാണ്. വൈരാഗ്യം കത്തിച്ചു നിറുത്താനാണ് പുതിയ ബില്ലിലൂടെ ശ്രമിക്കുന്നത്. സർദാർ വല്ലഭായ് പട്ടേൽ അഖണ്ഡഭാരതമാണ് സൃഷ്ടിച്ചത്. ഭാരതത്തിന്റെ അടിസ്ഥാന തത്വം മതനിരപേക്ഷതയാണ്. ആ അടിസ്ഥാന ഘടകത്തെ എതിർക്കുന്ന ഒന്നിനെയും അംഗീകരിക്കാനാവില്ല. പൗരന്മാർക്കല്ല, എല്ലാ വ്യക്തികൾക്കും രാജ്യത്ത് നിയമപരിരക്ഷയുണ്ട്. ഒരാളിന്റെ പൗരത്വം സംശയിക്കപ്പെട്ടാൽ പിന്നെ പൗരനല്ലാതാവും. അധികാര രാഷ്ട്രീയത്തിലേക്കുള്ള ഏണിപ്പടിയായി മതത്തെ മാറ്റിയെടുക്കുകയാണ്. മതത്തിന്റെ പേരിൽ ജനങ്ങളെ ഇങ്ങനെ വേലികെട്ടി തിരിച്ച് എത്രകാലം കൊണ്ടുപോകാനാവും? ബാബറി മസ്ജിദിന്റെ കാര്യം വന്നപ്പോൾ ഒരു വിഭാഗം ജനങ്ങൾ വല്ലാതെ സഹിച്ചതാണ്. അധികാരം നിലനിറുത്താൻ വേണ്ടി ജാതിക്കാർഡ് ഇറക്കുകയാണ്. പക്ഷെ ഒരു ന്യൂനപക്ഷം മാത്രമാണ് ഇതിനെ പിന്തുണയ്ക്കുന്നത്. ഹരീഷ് സാൽവെയെപ്പോലുള്ളവരെ കൊണ്ട് അഭിപ്രായം പറയിക്കുന്നത് ഇതിന് വേണ്ടിയാണ്.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ ബാല്യമാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ. അതാണ് ഇപ്പോൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ കേരള സർക്കാർ സ്വീകരിച്ച നിലപാട് ശ്ളാഘനീയമാണ്. അക്കാര്യത്തിൽ കേരള നിയമസഭയെയും രാഷ്ട്രീയ നേതാക്കളെയും നന്ദിയോടെ സ്മരിക്കണം. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്കുണ്ടായിരുന്ന മാന്യത നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും കെമാൽപാഷ പറഞ്ഞു. ലജ്നത്തുൽ മുഹമ്മദീയ പ്രസിഡന്റ് എ.എം.നസീർ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് സലിം മാക്കിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ണഞ്ചേരി ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് മജീദ് കുന്നപ്പള്ളി പ്രമേയം അവതരിപ്പിച്ചു. അഡ്വ. ഡി.സുഗതൻ, ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ്, ലജ്നത്തുൽ മുഹമ്മദീയ ജനറൽസെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ, നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, അഡ്വ. കെ.നജീബ്, ബി.എ.ഗഫൂർ, പി.കെ.മുഹമ്മദ് ബാദ്ഷാ സഖാഫി, പി.എ.ശിഹാബുദ്ദീൻ മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു. ഫൈസൽ ഷംസുദ്ദീൻ സ്വാഗതവും ഇക്ബാൽ സാഗർ നന്ദിയും പറഞ്ഞു.