photo

ചേർത്തല: പ്ലാസ്​റ്റിക് സഞ്ചി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി കോട്ടൺ ബാഗുമായി കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് രംഗത്ത്. പ്ലാസ്​റ്റിക് നിരോധനവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനായി ബാങ്ക് പുതുതായി ആരംഭിച്ച ലൂഥർ ബ്രാഞ്ചിലെത്തിയ ഇടപാടുകാർക്ക് പുതുവർഷദിനത്തിൽ സൗജന്യമായി തുണി സഞ്ചി നൽകുന്നതിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ നിർവഹിച്ചു.

നിരോധിത പ്ലാസ്​റ്റിക് ഉത്പന്നങ്ങളുടെ കാമ്പയിൻ ഭാഗമായി തുണി സഞ്ചി ഉപയോഗത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്ന പരിപാടികൾ ബാങ്കിനു കീഴിലുള്ള വനിതാ സെൽഫിയുടെ നേതൃത്വത്തിൽ ആരംഭിക്കും. ഹരിത ചട്ടം പാലിക്കുന്ന ഉത്പന്നങ്ങൾ നിർമ്മിക്കുന്ന യൂണി​റ്റുകൾ വനിതാ സെൽഫി ആരംഭിക്കും. വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ഇതിനായുള്ള പരിശീലനങ്ങൾ സ്ത്രീകൾക്കായി ബാങ്ക് ഒരുക്കും. തുടർന്ന് കുറഞ്ഞ നിരക്കിലുള്ള കോട്ടൺ ബാഗുകൾ വിപണിയിലിറക്കുമെന്നും ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ പറഞ്ഞു. പുതുവർഷത്തെ വരവേ​റ്റ് കേക്ക് മുറിച്ചാണ് ചടങ്ങ് ആരംഭിച്ചത്. ബാങ്കിന്റെ സഹകാരികൂടിയായ സിനിമാ താരം ബേബി സേവ്യർ ആദ്യ തുണി സഞ്ചി ഏ​റ്റുവാങ്ങി. ഭരണ സമിതിയംഗങ്ങളായ ജി.മുരളി, ടി.ആർ.ജഗദീശൻ, ടി.രാജീവ്,വി.എ.സാംജി,അനിലാ ബോസ്, കെ.കൈലാസൻ,ജി.ഉദയപ്പൻ,ബാബു കറുവള്ളി, പി.പ്രസേനൻ,ശിവശങ്കരൻ ഉണ്ണി,പി.ഗീത എന്നിവർ സംസാരിച്ചു.