ഒരിടത്ത് കക്ക വളർത്തുമ്പോൾ മറുവശത്ത് വാരിയെടുക്കുന്നു
ആലപ്പുഴ: വേമ്പനാട്ട് കായലിൽ മല്ലിക്കക്കയുടെയും പൊടിമീനിന്റെയും സമ്പത്ത് വർദ്ധിപ്പിക്കാൻ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കവേ, മറുഭാഗത്ത് അധികൃതരുടെ കണ്ണുവെട്ടിച്ച് കക്കവാരൽ തകൃതി! മല്ലിക്കക്ക കൂടുതലായി കാണുന്ന, തണ്ണീർമുക്കം ബണ്ടിന്റെ വടക്ക് വശത്താണ് കക്കവാരൽ കൂടുതലായി നടക്കുന്നത്.
കായലിൽ ഒാരുകയറുന്ന ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് കക്കയുടെ പ്രജനനം നടക്കുന്നത്. പൂർണ വളർച്ചയെത്തുമ്പോൾ വാരിയെടുത്താൽ കക്ക തോടും ഇറച്ചിയും മികച്ച വരുമാനമാണ് തൊഴിലാളികൾക്ക് സമ്മാനിക്കുന്നത്. എന്നാൽ നിരോധനം നിലനിൽക്കുന്ന ഈ സമയം മല്ലിക്കക്ക വാരുന്നതിൽ ആശങ്കയിലാണ് തൊഴിലാളികൾ. ഇതിനു പിന്നിൽ വൻ റാക്കറ്റുകളാണെന്നും ആക്ഷേപമുണ്ട്. താത്കാലിക നേട്ടം മുൻനിറുത്തിയാണ് പ്രജനന സമയത്ത് നാലിനൊന്ന് വളർച്ച പോലും ഇല്ലാത്ത മല്ലിക്കക്ക വാരി വിൽക്കുന്നത്. ഒരു കിലോ കക്കയ്ക്ക് 110 രൂപയാണ്.
ബണ്ടിന്റെ വടക്ക് ഭാഗങ്ങളായ വൈക്കം, തൈക്കാട്ടുശേരി എന്നിവിടങ്ങളിലാണ് മല്ലിക്കക്കയുടെ സാന്നിദ്ധ്യം ഏറെയുള്ളത്. കക്കയിൽ തോട് വളരാൻ ഏറ്റവും കൂടുതലായി വേണ്ടത് കാത്സ്യമാണ്. കടൽ വെള്ളത്തിലാണ് കാത്സ്യം കൂടുതലുള്ളത്. തണ്ണീർമുക്കം ഭാഗത്ത് വെള്ളത്തിന് നേരിയ ഉപ്പുരസം ഉള്ളത് കക്കയുടെ പ്രജനനത്തിന് ഗുണം ചെയ്യും. 3 വർഷം വരെ കക്കയ്ക്ക് ആയുസുണ്ട്. ഒരു കക്കയ്ക്ക് 15 മുതൽ 20 ലക്ഷം വരെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ മാലിന്യ പ്രശ്‌നവും അനധികൃത കക്ക വാരലും ഇതിന് തിരച്ചടിയാകുന്നു. ഒാരു ശക്തമാകുമ്പോഴാണ് കക്ക വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്നത്. മല്ലിക്കക്ക വാരുന്നതു നിരോധിച്ചെങ്കിലും അനധികൃത കക്ക വാരൽ വേമ്പനാട് കായലിന്റെ പലഭാഗത്തും തുടരുന്നു.
...................................................................
# കഴിഞ്ഞ വർഷം ലഭിച്ച കക്ക: 30,000 ടൺ
.....................................................................
വലിയവ തെക്കുഭാഗത്ത്
തണ്ണീർമുക്കത്തിനു തെക്ക് വലിയ കക്കകളാണ് ലഭിക്കുന്നത്. ഇവിടെ ഫിഷറീസ് വകുപ്പ് സംഘങ്ങളുടെ നേതൃത്വത്തിൽ രണ്ടാഴ്ച മുമ്പ് എട്ടുടൺ മല്ലിക്കക്ക നിക്ഷേപിച്ചിരുന്നു. എന്നാൽ തുടർന്നുള്ള നിരീക്ഷണം അത്രകണ്ട് ഫലപ്രദമല്ലെന്നാണ് തൊഴിലാളികളുടെ ആക്ഷേപം. തണ്ണീർമുക്കം മുതൽ നെഹ്രുട്രോഫി വരെ 14 ഇടങ്ങൾ കക്ക സംരക്ഷിത കേന്ദ്രങ്ങളാണ്.
വ്യവസായം പ്രതിസന്ധിയിൽ
അനധികൃത കക്ക ഖനനവും ചുണ്ണാമ്പുകല്ലുകളുടെ ഇറക്കുമതിയും മൂലം കക്കമേഖല പ്രതിസന്ധിയിലാണ്. ജില്ലയുടെ വടക്കൻ മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്നു കക്ക വ്യവസായം. 15 മില്ലിമീറ്റർ വലിപ്പമുള്ള കക്കകൾ വാരാനേ അനുവാദമുള്ളൂ. എന്നാൽ നിയമം കാറ്റിൽപ്പറത്തി സ്വകാര്യ വ്യക്തികൾ മല്ലിക്കക്ക ഉൾപ്പെടെ വൻതോതിൽ വാരിയെടുത്ത് വിൽക്കുകയാണ്. കക്കാമേഖലയിൽ മാന്ദ്യം സംഭവിച്ചപ്പോൾ തൊഴിലാളികൾ നിത്യവൃത്തിക്ക് മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു.
................................
കക്ക സംരക്ഷിക്കാൻ
# കക്ക ചെറ്റകൾ (ബെഡ്) സംരക്ഷിക്കണം
# ചെറിയ കക്കകൾ വാരുന്നത് നിയന്ത്രിക്കണം
# സംരക്ഷണ സ്ഥലത്ത് സി.സി ടി.വി കാമറകൾ വേണം
# കായൽ മാലിന്യമുക്തമാക്കണം
........................................
'കക്ക വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്ന ധാരാളം കുടുംബങ്ങളുണ്ട്. അനധികൃത കക്ക വാരൽ തടഞ്ഞില്ലെങ്കിൽ പരമ്പരാഗത തൊഴിലാളികൾക്ക് തിരച്ചടിയായകും. കക്കയുടെ പ്രജനനം നടക്കുന്ന സമയത്ത് മല്ലിക്കക്ക വാരിയാൽ കക്ക സമ്പത്ത് കുറയും'
(കക്ക സംഘം തൊഴിലാളികൾ)