ആലപ്പുഴ : വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങൾക്കിടയിൽ വീർപ്പുമുട്ടുന്ന ഗവ.ആയുർവേദ പഞ്ചകർമ്മ ആശുപത്രിക്കായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുന്നതിനുള്ള നടപടികൾക്ക് വേഗമില്ല. നിർമ്മാണം ആരംഭിച്ചിട്ട് എട്ടു വർഷമായെങ്കിലും കെട്ടിടത്തിന്റെ അടിത്തറയും തൂണുകളും മാത്രമാണ് പൂർത്തിയായിട്ടുള്ളത്. വലിയ ചുടുകാടിനു സമീപമാണ് കെട്ടിടം നിർമ്മിക്കുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യത്തോടെയുള്ള ആശുപത്രിക്കായി നിർമ്മിക്കുന്ന കെട്ടിടം ഇപ്പോൾ കാട് പിടിച്ച നിലയിലാണ്.

നിർമ്മിച്ച തൂണുകളിൽ ഭൂരിപക്ഷവും ബലഹീനമാണെന്ന് സംസ്ഥാന സർക്കാരിന്റെ ധനകാര്യ ചീഫ് ടെക്നിക്കൽ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയതാണ് പദ്ധതിക്ക് തിരിച്ചടിയായത്. നിർമ്മിച്ച 125 തൂണുകളിൽ 85 ഉം ബലഹീനമാണെന്നാണ് ഇവരുടെ റിപ്പോർട്ടിലുള്ളത്. ഈ തകരാറ് പരിഹരിച്ചെങ്കിലേ നിർമ്മാണം തുടരാൻ കഴിയൂ. കെട്ടിടനിർമ്മാണത്തിന് അനുവദിച്ച നാലു കോടിയിൽ രണ്ട് കോടിയോളം ഇതുവരെയുള്ള നിർമ്മാണത്തിന് ചെലവായി. ഇത് വെള്ളത്തിൽ വരച്ച വര പോലെയായി. നിർമ്മാണത്തിലെ വീഴ്ച പരിഹരിക്കുന്നതിനുള്ള തുക ഇനി കേന്ദ്ര ആയുഷ് വകുപ്പിൽ നിന്ന് അനുവദിച്ച് കിട്ടില്ല.

അടിത്തറയും തൂണികളും നിർമ്മിച്ച് കഴിഞ്ഞ് അടുത്ത ഗഡു പണം നൽകുന്നതിനായി നടത്തിയ പരിശോധനക്കിടെയാണ് അപാകതകൾ കണ്ടെത്തിയത്. ആശുപത്രിയുടെ നിർമ്മാണത്തിനായി കളക്ടർ,ആയുർവേദ ഡി.എം.ഒ,പഞ്ചക‌ർമ ആശുപത്രി ചീഫ് ഡോക്ടർ എന്നിവർ ഉൾപ്പെടുന്ന കമ്മറ്റി രൂപീകരിച്ചിരുന്നു.

നിലവിലത്തെ അവസ്ഥയിൽ അപാകതകൾ പരിഹരിച്ച് കെട്ടിടനിർമ്മാണം പൂർത്തിയാക്കാൻ വൻതുക സംസ്ഥാന സർക്കാർ മുടക്കേണ്ടി വരും .ചുരുക്കത്തിൽ, പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇനിയും വർഷങ്ങൾ നീണ്ടേക്കാം. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ 5.34കോടി​ രൂപയുടെ പുനർഭരണാനുമതി നൽകിയതായി​ 2018ൽ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നതാണ്.

നിർമ്മാണവും അപാകതയും

 ആകെ നിർമ്മിച്ച 125 തൂണുകളിൽ 85 ഉം ബലഹീനം

 നിർമ്മാണച്ചുമതലയുള്ള കരാറുകാർ ഹിന്ദുസ്ഥാൻ ഫ്രീ ഫാബ് ലിമിറ്റഡ്

 നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വം കരാറുകാർക്കെന്ന് ധനകാര്യ ചീഫ് ടെക്നിക്കൽ വിഭാഗത്തിന്റെ റിപ്പോർട്ടിൽ

പഞ്ചകർമ്മ ആശുപത്രിയും പരാധീനതകളും

 12 വർഷമായി ആശുപത്രി പ്രവർത്തിക്കുന്നത് കൈതവനയിലെ വാടകക്കെട്ടിടത്തിൽ

 വേണ്ടത്ര സ്ഥലസൗകര്യമോ അടച്ചുറപ്പുള്ള വാതിലുകളോ കെട്ടിടത്തിനില്ല

 20 കിടക്കകൾ മാത്രമുള്ള ആശുപത്രി കെട്ടിടത്തിന് മാസവാടക 16,000 രൂപ

 ആശുപത്രിയുടെ പ്രവർത്തനം താത്കാലികമായി ജനറൽ ആശുപ്രതി കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും നടപടിയുണ്ടായില്ല

 പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അനന്തമായി നീളുന്നത് തിരിച്ചടി

'' കെട്ടിടം നിർമ്മാണം പുനരാരംഭിക്കുന്നതിനെപ്പറ്റി റി ജില്ലാ ആയുർവേദ ഒാഫീസ് അധികൃതർക്ക് ഒറ്റയ്ക്ക് നടപടി കൈക്കൊള്ളാൻ കഴിയില്ല. ഉടൻ തന്നെ കളക്ടർ പങ്കെടുക്കുന്ന എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നടക്കും.ഈ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മീറ്റിംഗ് കഴിഞ്ഞ് ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കും.

(ജില്ലാ ആയുർവേദ ഡി.എം.ഒ)