s

 അരൂക്കുറ്റി ഹൗസ് ബോട്ട് നിർമ്മാണത്തിൽ അപാകത

പൂച്ചാക്കൽ : അരൂക്കുറ്റിയിലെ ഹൗസ് ബോട്ട് ടെർമിനൽ നിർമ്മാണത്തിലെ അപാകത കാരണം ബോട്ടുകൾ അടുപ്പിക്കാൻ കഴിയുന്നില്ലെന്ന് പരാതിയുയരുന്നു. നിർദ്ദിഷ്ട ടെർമിനലിന്റെ ഒരു ഭാഗത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും ഇത് തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടിയുണ്ടാകാത്തതിനാൽ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുകയാണിപ്പോൾ. .

കെ.സി.വേണുഗോപാൽ കേന്ദ്രമന്ത്രിയായിരിക്കുമ്പോഴാണ് ഹൗസ് ബോട്ട് ടെർമിനലിന് പണം അനുവദിച്ചത്. മൂന്നേമുക്കാൽ കോടി വകയിരുത്തിയതിൽ 1.64 ലക്ഷത്തിന്റെ നിർമ്മാണം പൂർത്തിയായി. നിർമ്മാണത്തിലെ അപാകത കാരണം ബോട്ടടുപ്പിക്കാൻ കഴിയാത്തതാണ്, വൈക്കത്തുനിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുന്ന 'വേഗ' ബോട്ടിന് ഈ പൈതൃക ജെട്ടിയിൽ സ്റ്റോപ്പ് ഇല്ലാത്തതിനു കാരണം. യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് വൈക്കത്തുനിന്നും എറണാകുളത്തേക്ക് ശീതീകരിച്ച ബോട്ടായ 'വേഗ" സർവീസ് തുടങ്ങിയതെങ്കിലും ഇതിന്റെ പ്രയോജനം അരൂക്കുറ്റിക്കാർക്ക് ലഭിക്കാത്ത സ്ഥിതിയാണിപ്പോൾ.

 അരൂക്കുറ്റി ജെട്ടിയും പൈതൃകവും

തിരുവിതാംകൂറിന്റെ കവാടം എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന അരൂക്കുറ്റി ജെട്ടിയിലൂടെയാണ് കൊച്ചിയിലേക്ക് ചരക്ക് യാനങ്ങളൂം യാത്രാബോട്ടുകളൂം പോയിരുന്നത്. തിരുവിതാംകൂറിന്റെ ചുങ്കപ്പുരയും ധാന്യപ്പുരയും പൊലീസ് സ്റ്റേഷനുമൊക്കെ ഇവിടെ ഉണ്ടായിരുന്നു. അരുക്കുറ്റിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ എന്ന പേരിൽ ആരംഭിച്ച പദ്ധതിയായ ഹൗസ് ബോട്ട് ടെർമിനൽ നിർമ്മാണമാണ് ഇപ്പോൾ പാതിവഴിയിൽ നിലച്ചത്. മുമ്പ്, പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നൂറ് കണക്കിന് യാത്രക്കാർ, അരുക്കുറ്റിയിൽ നിന്ന് സർവീസ് തുടങ്ങുന്ന ബോട്ടുകളിലൂടെയായിരുന്നു എറണാകുളം, കൊച്ചി ഭാഗത്തേക്ക് പോയിരുന്നത്. എന്നാൽ അരൂക്കുറ്റി പാലം വന്നതോടെ, യാത്രക്കാർ ബോട്ട് ഉപേക്ഷിച്ച് ബസിനെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങി.

ടെർമിനലിന്റെ വഴിമുടക്കി

പഞ്ചായത്തിന്റെ കീഴിലുള്ള അരൂക്കുറ്റി ജെട്ടിയുടെ സ്ഥലം ടൂറിസം വകുപ്പിന് കൈമാറിയാണ് ടെർമിനൽ നിർമ്മാണം ആരംഭിച്ചത്. എന്നാൽ ടെർമിനൽ പൂർത്തിയാകണമെങ്കിൽ കുറച്ച് സ്ഥലസൗകര്യം കൂടി വേണം. ഇതിനോടു ചേർന്ന് എക്സൈസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൂടി ടൂറിസം വകുപ്പിന് കൈമാറാൻ തീരുമാനിച്ചെങ്കിലും തുടർനടപടി ഒന്നും ആയിട്ടില്ല. ഇതുകാരണം കെട്ടിടം നിർമ്മാണം പൂർത്തിയാക്കാനോ വൈദ്യുതി കണക്ഷനുൾപ്പെടെ ലഭ്യമാക്കാനോ കഴിയുന്നില്ല.