കുട്ടനാട്: സി.പി.എം കുട്ടനാട് ഏരിയ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായ പുളിങ്കുന്ന് കണ്ണാടി തെക്കേകളത്തിൽ ജോസ്‌തോമസിനെ (ജോപ്പൻ) ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടി പരിക്കേൽപ്പിച്ചു. ഇന്നലെ പുലർച്ചെ 5.30ഓടെ കണ്ണാടി തൊണ്ണൂറിൻ ചിറ ജംഗ്ക്ഷന് സമീപമായിരുന്നു സംഭവം.

ചെങ്ങന്നൂരിൽ നെൽകൃഷിയുള്ള ജോപ്പൻ നിത്യവും പുലർച്ചെ കൃഷിയാവശ്യങ്ങൾക്കായി അവിടേക്കു പോകുന്ന പതിവുണ്ട്. ഇന്നലെയും പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽ നിന്നിറങ്ങിയ ജോപ്പൻ തൊണ്ണൂറിൻചിറ ജംഗ്ക്ഷനിലേക്ക് നടന്നുപോകുന്നതിനിടെ മണ്ണങ്കരത്തറ കടയ്ക്ക്‌ സമീപമെത്തിയപ്പോഴാണ് ബൈക്കിൽ എതിരെ വന്ന രണ്ടുപേർ ആക്രമിച്ചത്. കാലിനും കൈയ്ക്കും വെട്ടേറ്റ ജോപ്പൻ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽമുട്ടിന് ശസ്ത്രക്രിയ വേണ്ടിവന്നെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

ബൈക്കിലെത്തിയ രണ്ടുപേരും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ വ്യക്തമായില്ല. സമീപ വീട്ടിലെ സി.സി.ടിയിൽ അക്രമസംഭവം ലഭ്യമായെങ്കിലും പുലർച്ചെ വെളിച്ചം കുറവായിരുന്നതിനാൽ ദൃശ്യങ്ങൾ വ്യക്തമല്ല. പുളിങ്കുന്ന്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയമായ കാരണങ്ങളല്ല ആക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.