അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനാഥ രോഗികൾക്ക് സത്യസായി സേവാ സമിതി പുന്നപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണം ആരംഭിച്ചു. ചികിത്സയിൽ കഴിയുന്ന അനാഥ രോഗികൾക്ക് ആശുപത്രി കാന്റീനിൽ നിന്നാണ് മൂന്നു നേരവും ഭക്ഷണം നൽകിയിരുന്നത്.
ആശുപത്രി വികസന സമിതിയുടെ ഫണ്ടിൽ നിന്നുള്ള തുകയാണ് ഇതിനായി ചെലവഴിച്ചിരുന്നത്. എന്നാൽ കരാർ കാലാവധി കഴിഞ്ഞതിനാൽ മൂന്നു ദിവസം മുൻപ് കാന്റീൻ പ്രവർത്തനം നിലച്ചതോടെയാണ് ഭക്ഷണ വിതരണവുമായി സംഘടന മുന്നോട്ടുവന്നത്. സത്യസായി സേവാസമിതി ജില്ലാ കോ-ഓർഡിനേറ്റർ വി.എസ്.സാബു, ജില്ലാ ഭാരവാഹി സുഗുണാനന്ദൻ, സമിതി ഭാരവാഹികളായ ദേവരാജൻ, സുരേഷ്, പ്രണവ് ഗോപൻ, സുരാജ്, മിനി എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ വാർഡുകളിൽ കഴിയുന്ന എട്ടോളം അനാഥ രോഗികൾക്ക് ഭക്ഷണം എത്തിച്ചത്.