ആലപ്പുഴ: പാലാ ഉപതിരഞ്ഞെടുപ്പിലെന്ന പോലെ കുട്ടനാട് ഉപ തിരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് എമ്മിലെ ജോസ് കെ.മാണി- പി.ജെ. ജോസഫ് വിഭാഗങ്ങൾ തമ്മിൽ 'സംഘട്ടന' സാദ്ധ്യതയ്ക്ക് കളമൊരുക്കി സീറ്റിൽ അവകാശവാദവുമായി ജോസ് കെ.മാണി രംഗത്തെത്തി. കുട്ടനാട് സീറ്റ് തങ്ങളുടേതാണെന്നും സ്ഥാനാർത്ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്നും ഇന്നലെ വൈകിട്ട് ചമ്പക്കുളത്ത് ചേർന്ന ജില്ലാ നേതൃയോഗത്തിന് ശേഷം ജോസ് കെ.മാണി മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോമസ് ചാണ്ടിക്കെതിരെ മത്സരിച്ചത് കേരള കോൺഗ്രസ് എമ്മിലെ പി.ജെ. ജോസഫ് വിഭാഗക്കാരനായ അഡ്വ. ജേക്കബ് എബ്രഹാമായിരുന്നു.
മുമ്പൊരു ഘട്ടത്തിൽ വച്ചു മാറിയതുമൂലമാണ് കുട്ടനാട് സീറ്റ് തങ്ങളിൽ നിന്നു പോയതെന്ന് ജോസ് കെ.മാണി വിശദീകരിച്ചു. യഥാർത്ഥത്തിൽ തങ്ങൾക്ക് അവകാശപ്പെട്ട സീറ്റാണിത്. താമസിയാതെ ചരൽക്കുന്നിൽ ചേരുന്ന പാർട്ടി യോഗത്തിന് ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. എന്നാൽ രണ്ടില ചിഹ്നത്തിലാവുമോ സ്ഥാനാർത്ഥി മത്സരിക്കുകയെന്ന് ഇപ്പോൾ പറയാനാവില്ല. 13 ന് തിരഞ്ഞെടുപ്പ് കമ്മിഷൻ മുമ്പാകെ പാർട്ടിയുമായി ബന്ധപ്പെട്ട കേസിന്റെ അവസാന ഹിയറിംഗ് നടക്കുകയാണ്. അതിന് ശേഷം മാത്രമേ പാർട്ടി ചിഹ്നത്തിന്റെ കാര്യത്തിൽ തീരുമാനമാവൂ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായാണ് നേതൃയോഗം ചേർന്നത്. സീറ്റു വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. റോഷി അഗസ്റ്റിൻ എം.എൽ.എ, ജേക്കബ് തോമസ് അരികുപുറം തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.