kanal

 പ്രളയകാലത്തെ വെള്ളം ഇപ്പോഴും കെട്ടിക്കിടക്കുന്നു

ചാരുംമൂട്: കഴിഞ്ഞ പ്രളയകാലത്തു അച്ചൻ കോവിലാറു വഴിയും കല്ലട കനാൽ വഴിയും ഒഴുകിയെത്തിയ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ, ഓണാട്ടുകരയുടെ നെല്ലറയായി അറിയപ്പെടുന്ന പെരുവേലിൽച്ചാൽ പുഞ്ചയിൽ കൃഷിയിറക്കാനാവാതെ കർഷകർ നെട്ടോട്ടത്തിൽ. പുഞ്ചയുടെ പടിഞ്ഞാറു ബ്ലോക്കിലെ 1474 ഹെക്ടറിലും കിഴക്ക് 135 ഹെക്ടറിലും സാധാരണ ഗതിയിൽ ഡിസംബർ പത്തിനകം കൃഷി ഇറക്കിയിരുന്നതാണ്. പക്ഷേ ഇക്കുറി ഇതുവരെ വിത്തു വിതയ്ക്കാൻ കഴിയാത്തത് കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

നൂറനാട്, ചുനക്കര, തഴക്കര പഞ്ചായത്തുകളും കൃഷിഭവനുകളും ഉൾപ്പെട്ടതാണ് പെരുവേലിച്ചാൽ പുഞ്ച. അശാസ്ത്രീയമായ പമ്പിംഗ് മൂലം വെള്ളം തിരികെ പാടത്തേക്കു തന്നെ വരുന്നതാണ് തിരിച്ചടിയാവുന്നത്. വെള്ളം ഒഴുക്കിവിടുന്ന കനാലിന്റെ ഒരു വശത്തു മാത്രമാണ് സംരക്ഷണഭിത്തിയുള്ളത്. മറുഭാഗത്ത് ഭിത്തിയില്ലാത്തതിനാൽ വടക്കോട്ട് പമ്പ് ചെയ്യുന്ന വെള്ളമാണ് വീണ്ടും പാടശേഖരങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി 2007ൽ സ്വാമിനാഥൻ കമ്മിഷൻ പെരുവേലിച്ചാൽ പുഞ്ചയുടെ സംരക്ഷണത്തിനു വേണ്ടി 33 കോടിയാണ് അനുവദിച്ചിരുന്നത്. മോട്ടോർത്തറയുടെ നിർമ്മാണമായിരുന്നു പ്രധാനം. കോടികൾ ചെലവഴിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട അവസ്ഥയാണ്. മോട്ടോർത്തറയുടെ ഭിത്തി പാടത്തിന്റെ നിലവിലെ കനാൽ ഭാഗം വരെ ഉയർത്തിയെങ്കിൽ മാത്രമേ വെള്ളം പമ്പ് ചെയ്ത് കൃഷിക്കൊരുക്കാൻ കഴിയുകയുള്ളു. പുലിമേൽ കൂമ്പുളുമല - വെട്ടിയാർപാലം വരെയാണ് വെള്ളം ഒഴുക്കിവിടാനുള്ള കനാലുള്ളത്.

...........................................

 1609 ഹെക്ടർ: പുഞ്ചയിൽ കൃഷിയിറക്കാനാവാത്ത വിധം വെള്ളം നിറഞ്ഞുകിടക്കുന്ന ഭാഗം

 33 കോടി: കുട്ടനാട് പാക്കേജ് പ്രകാരം പാടത്തിന് അനുവദിച്ച തുക

.................................................

# കർഷകർ പറയുന്നു

 നിലവിൽ വെള്ളം പമ്പ് ചെയ്യാനുള്ളത് 50 ഉം 30ഉം കുതിരശക്തിയുള്ള മോട്ടോറുകൾ

 ഇവ യോഗ്യമല്ലെന്ന് പാടശേഖര സമിതിയുടെ വിലയിരുത്തൽ

 വേണ്ടത് 50 കുതിരശക്തിയുള്ള രണ്ട് മോട്ടോറുകൾ

 വെള്ളം തിരികെ വരാത്ത വിധം സംരക്ഷണഭിത്തി നിർമ്മിക്കണം

 കുട്ടനാട് പാക്കേജിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണം

...............................................

'പെരുവേലിൽച്ചാൽ പാടത്ത് കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രി, കൃഷി വകുപ്പു മന്ത്രി, ജലസേചന വകുപ്പു മന്ത്രി, കളക്ടർ, മാവേലിക്കര എം.എൽ.എ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവർക്കും കത്തു നൽകിയിട്ടുണ്ട്'

(ജി.കെ.നന്ദകുമാർ, പാടശേഖര സമിതി കൺവീനർ)