അരൂർ: മാലിന്യത്തെ വിഭവമാക്കുക എന്ന മുദ്രാവാക്യവുമായി ജില്ലാശുചിത്വമിഷന്റെ കളക്ടേഴ്സ് @ സ്ക്കൂൾ പദ്ധതിയ്ക്ക് ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം ദലീമാ ജോജോ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യ, പാഴ് വസ്തുക്കൾ എല്ലാ മാസവും ആദ്യത്തേതും മൂന്നാമത്തെയും ബുധനാഴ്ചകളിലും സ്‌കൂളിൽ സ്ഥാപിച്ചിട്ടുള്ള ബിന്നുകളിൽ തരം തിരിച്ച് നിക്ഷേപിക്കും. എസ്.പി.സി. കേഡറ്റുകൾ ഇവ ശേഖരിക്കും. പിന്നീട് ശുചിത്വ മിഷന്റെ നിർദ്ദേശാനുസരണം പുനർനിർമ്മാണം നടത്തും. നാലുതരത്തിലുള്ള മാലിന്യം നിക്ഷേപിക്കാൻ നാലു ബിന്നുകളാണ് സ്ക്കൂളുകളിൽ സ്ഥാപിച്ചത്. പെറ്റ് ബോട്ടിലുകൾ, കട്ടിയുള്ള ബോട്ടിലുകൾ, പാൽ കവറുകൾ,പേപ്പറുകൾ എന്നീ പേരുകളിലാണ് ബിന്നുകൾ. ഓരോ ബിന്നുകളിലും പേര് നൽകിയിട്ടുള്ളവ മാത്രമേ നിക്ഷേപിക്കാൻ പാടുള്ളു. ചടങ്ങിൽ അരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ അധ്യക്ഷയായി. പഞ്ചായത്ത് അംഗം ചന്ദ്രികാ സുരേഷ്, പി.ടി.എ.പ്രസിഡന്റ് സി.ആർ.സിദ്ധ പ്പൻ, സ്ക്കൂൾ പ്രിൻസിപ്പാൾ സുധ എസ്,സുചിത്ര മിഷൻ കോർഡിനേറ്റർ ലോറൻസ് പീറ്റർ, സ്റ്റാഫ് സെക്രട്ടറി പ്രകാശൻ എന്നിവർ സംസാരിച്ചു.