ph

കായംകുളം : നിഷ്കളങ്കമായ ചിരിയുമായി ഒരു ഗ്രാമത്തിന്റെ ആത്മാവിൽ കുടിയേറിയ 'ശശി അണ്ണൻ" ഇനി ഓർമ്മച്ചിത്രം. ഇന്നലെ രാവിലെയായിരുന്നു കണ്ടല്ലൂരിന്റെ സ്വന്തം ശശിഅണ്ണന്റെ (66) വിയോഗം.

സംസാരിയ്ക്കാൻ കഴിയാത്ത, എല്ലാവരോടും സ്നേഹം പ്രകടിപ്പിക്കുന്ന ശശി അണ്ണൻ ഈ ഗ്രാമത്തിലെ മണൽത്തരികൾക്കു പോലും സുപരിചിതനാണ്. കാക്കി നിക്കർ മാത്രമണിഞ്ഞ് സഞ്ചരിച്ചിരുന്ന, കണ്ടല്ലൂർ വടക്ക് തോപ്പിൽ തറയിൽ തങ്കമ്മയുടെ മകൻ ശശിധരൻ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ശശിഅണ്ണനായിരുന്നു . പുല്ലുകുളങ്ങര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ സ്ഥിരം സാന്നിദ്ധ്യം. ധർമ്മശാസ്താവിനെ വണങ്ങാൻ രാവിലെയും വൈകിട്ടും പതിവായി എത്തുന്ന ശശി അണ്ണനും ഓർമ്മയായ ഗജരാജൻ പുല്ലുകുളങ്ങര ഗണേശനും ഗ്രാമത്തിന്റെ ഒരിയ്ക്കലും മായാത്ത മുഖമുദ്രകളായിരുന്നു.

എല്ലാവരെയും സ്നേഹിച്ച ,എല്ലാവരാലും സ്നേഹിയ്ക്കപ്പെട്ട ശശിഅണ്ണന്റെ വേർപാടിൽ ഒരു നാട് നൊമ്പരപ്പെടുകയാണ്. അടാ, എടാ ..... എന്ന വിളിയോടെ നടന്നു നീങ്ങുന്ന ശശി അണ്ണനെ ഗ്രാമത്തിലെ ഓരോരുത്തരും സ്നേഹത്തോടെയും കരുതലോടെയും മാത്രമേ കണ്ടിട്ടുള്ളൂ. ഇന്നലെ രാവിലെ 5.30 നായിരുന്നു ശശി അണ്ണന്റെ വേർപാട്. വിയോഗ വാർത്ത സമൂഹ മാദ്ധ്യമങ്ങളിലും പ്രചരിച്ചതോടെ സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവർ ആദരാഞ്ജലികളുമായി എത്തി.

പത്ത് വർഷം മുമ്പ് പിതാവ് രാഘവൻ മരിച്ചതോടെ അമ്മയുടെയും സഹോദരൻ അനിൽകുമാറിന്റെയും സംരക്ഷണയിലായിരുന്നു. ആറ് മാസം മുമ്പ്റോഡപകടത്തിൽ പരിക്കേറ്റതോടെ വീട്ടിൽ വിശ്രമത്തിലായിരിക്കെയാണ് മരണം സംഭവിച്ചത്.