ഡ്യൂട്ടി സമയം കഴിഞ്ഞെന്ന പേരിൽ ഡോക്ടർ വീട്ടമ്മയെ ചികി്തസിച്ചില്ലെന്ന് പരാതി
ആലപ്പുഴ : ജനറൽ ആശുപത്രിയിൽ ചികിത്സതേടി എത്തുന്നവർക്ക് ഡോക്ടർമാരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി വ്യാപകമാകുന്നു. ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയെ, ഡ്യൂട്ടിസമയം കഴിഞ്ഞെന്ന കാരണം പറഞ്ഞ് ഡോക്ടർ ചികിത്സിച്ചില്ലെന്ന് പരാതി ഉയർന്നു. ഇതു സംബന്ധിച്ച് വീട്ടമ്മയുടെ മകൻ സൂപ്രണ്ടിന് പരാതി നൽകി.
എല്ലാ സൗകര്യങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെങ്കിലും പരാതികൾക്ക് ഒട്ടും കുറവില്ല. അത്യാഹിത വിഭാഗത്തിൽ വേണ്ടത്ര ഡോക്ടർമാരില്ലാത്തതാണ് രോഗികളെ വലയ്ക്കുന്നത്. തിരക്ക് കൂടും തോറും ഡോക്ടർമാരും രോഗികളും തമ്മിൽ വാക്കേറ്റം നിത്യസംഭവമാണ്. അത്യാഹിത വിഭാഗത്തിൽ 3ഡോക്ടർമാരുടെ സേവനമാണുള്ളത്. ചില ദിവസങ്ങളിൽ ഇത് ഒന്നായി ചുരുങ്ങും. എന്നാൽ, ആവശ്യത്തിനുള്ള ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടെന്നാണ് അധികൃതരുടെ വാദം. രാത്രി സമയങ്ങളിൽ ഇവിടെ ചികിത്സ തേടി എത്തുന്നവർക്ക് പലപ്പോഴും തുണയാകുന്നത് മെഡിക്കൽ കോളേജ് ആശുപത്രിയാണ്.
രാത്രിയായാൽ കുഴഞ്ഞതു തന്നെ
രാത്രിയിൽ ചികിത്സയ്ക്കായി കുട്ടികളുമായി ജനറൽ ആശുപത്രിയിൽ എത്തുന്നവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയാണ് പതിവ്. നിലവിൽ രണ്ട് പീഡിയാട്രിഷ്യൻമാത്രമാണ് ഇവിടെയുള്ളത് . രാവിലെ ഒ.പി വിഭാഗത്തിലെ പരിശോധന കഴിഞ്ഞുവേണം ഡോക്ടമാർ വാർഡിൽ കിടക്കുന്ന കുട്ടികളെ പരിശോധിക്കേണ്ടത്. രാത്രി സമയത്ത് പീഡിയാട്രിഷ്യന്റെ സേവനവുമില്ല.
...........
'' അത്യാഹിത വിഭാഗത്തിൽ രോഗിക്ക് വേണ്ടത്ര ചികിത്സ നൽകിയില്ലെന്നതിനെപ്പറ്റി പരാതി ലഭിച്ചിട്ടുണ്ട്. ഇതിൽ അന്വേഷണം നടത്തും. പരിശോധിച്ച് നടപടി സ്വീകരിക്കും. കുട്ടികൾക്കുള്ള മെഡിക്കൽ യൂണിറ്റിന് രണ്ട് പീഡിയാട്രിഷ്യൻമാരെ നിയമിക്കാനേ വ്യവസ്ഥയുള്ളൂ. രാത്രിയിൽ കുട്ടികൾക്ക് പ്രത്യേക കാഷ്വാലിറ്റി സംവിധാനം ഏർപ്പെടുത്താൻ മാർഗമില്ല.എന്നാൽ പ്രാഥമികചികിത്സ നൽകുന്നുണ്ട്. അപകടകരമായ കേസുകൾ മാത്രമേ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാറുള്ളൂ.''
(ജമുന,ആശുപത്രി സൂപ്രണ്ട്)
'' അമ്മയ്ക്ക് ശാരീരികാസ്ഥാസ്ഥ്യത്തെ തുടർന്ന് രാവിലെ 6.20 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. ആദ്യം പരിശോധന നടത്തിയപ്പോൾ രക്തസമ്മർദം വളരെ ഉയർന്ന നിലയിലായിരുന്നു. തുടർന്ന്, അരമണിക്കൂർ കഴിഞ്ഞ് വരാൻ പറഞ്ഞു. ഇതിന് ശേഷവും അസ്ഥസ്ഥത കുറയാത്തതിനാൽ ഡ്യൂട്ടി ഡോക്ടറിനോട് പറഞ്ഞെങ്കിലും പരിശോധിച്ചില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലാണ് തുടർ ചികിത്സ നടത്തിയത്.
(അനിൽകുമാർ,
ചികിത്സ ലഭിക്കാതിരുന്ന വീട്ടമ്മയുടെ മകൻ )