ആലപ്പുുഴ: ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ രാജ്യ രക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നതിന് കണ്ടെത്താൻ സഹായിക്കുന്നവർക്ക് 1000 രൂപ ഇനാം നൽകുമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് നൽകിയ പരസ്യം, ശൂദ്രർക്കും ഈഴവർക്കും സ്വർണാഭരണം ധരിക്കുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ്, ആദ്യ കേരള മന്ത്രിസഭയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ, പുലയരുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം നൽകിക്കൊണ്ടുള്ള ഉത്തരവ് തുടങ്ങി ചരിത്ര മുഹൂർത്തങ്ങളുടെ നേർസാക്ഷ്യമായി സംസ്ഥാന പുരാരേഖ വകുപ്പ് ടൗൺഹാളിൽ സംഘടിപ്പിച്ച ചരിത്രപ്രദർശനം. ജില്ല പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പും ജില്ല സാമൂഹ്യ ശാസ്ത്ര കൗൺസിലും സംയുക്തമായി വിദ്യാർത്ഥികളാൽ തയ്യാറാക്കിയ നാട്ടുവഴികൾ ചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനത്തിന് മുന്നോടിയായാണ് പ്രദർശനം സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി കെ.ആർ.ദേവദാസ് , സാമൂഹ്യ ശാസ്ത്ര കൗൺസിൽ സെക്രട്ടറി ഡി.രഞ്ജൻ, പുരാരേഖ വകുപ്പ് പ്രതിനിധി സജീവ് എന്നിവർ സംസാരിച്ചു.