ആലപ്പുഴ: ക്ഷീര കർഷകരെ ആശങ്കയിലാഴ്ത്തി ജില്ലയിയുടെ വിവിധ ഭാഗങ്ങളിൽ പശുക്കൾക്ക് അജ്ഞാത രോഗം പടരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ എടത്വ, വീയപുരം, പുറക്കാട് പുന്നപ്ര, കരുവാറ്റ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമായി 15ലധികം പശുക്കൾക്കാണ് രോഗം ബാധിച്ചത്.
ചിക്കൻപോക്‌സിന് തുല്യമായ രീതിയിൽ കൈകാലുകളിലും അകിടിലും പ്രത്യക്ഷപ്പെടുന്ന കുരുക്കൾ വൃണമായി തീരുകയും ശരീരത്ത് നീര് കൊള്ളുകയും ചെയ്യുന്നതാണ് രോഗം. രോഗം പിടിപെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ പശുക്കൾക്ക് നടക്കാൻ വയ്യാതാകുകയും, കറവയുള്ള പശുക്കൾക്ക് പാൽ ഗണ്യമായി കുറയുകയും ചെയ്യും. മി രോഗം മൂർച്ഛിക്കുന്നതോടെ പശുക്കൾക്ക് എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്.
മൃഗഡോക്ടർമാർ മരുന്ന് നൽകുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
രോഗം കണ്ടെത്തിയ പശുക്കളുടെ രക്തസാമ്പിളുകൾ ജില്ലാ മൃഗാശുപത്രി അധികൃതർ ശേഖരിച്ച് തിരുവനന്തപുരം പാലോട് പ്രവർത്തിക്കുന്ന ചീഫ് ഡിസീസ് ഇൻവസ്റ്റിഗേഷൻ ഓഫീസിൽ അയച്ച് റിസൽട്ടിനായി കാത്തിരിക്കുന്നു. പോക്സ് വൈറസ് രോഗാണുക്കളാണോ എന്ന സംശയത്തിലാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ.
രോഗം ബാധിച്ച പശുക്കൾ ആഹാരം കഴിക്കുന്നതിന് ബുദ്ധിമുട്ട് കാണിക്കുന്നതിനാൽ പാലിന്റെ അളവിൽ ഗണ്യമായി കുറയുന്നതായി കർഷകർ പറയുന്നു. കുട്ടനാട്ടിൽ കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ വീടുകളിലുള്ള പശുക്കൾക്കാണ് രോഗം കണ്ടു വരുന്നത്. ആഫിക്കൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ഒരുതരം വൈറസ് രോഗമാണ് എന്ന സംശയത്തിലാണ് മൃഗാശുപത്രി അധികൃതർ . നാലു ദിവസം മുമ്പാണ് ആലപ്പുഴയിൽ നിന്ന് രോഗ ബാധിതരായ പശുക്കളുടെ രക്തസാമ്പിളുകൾ പാലോടുള്ള പരിശോധനാ കേന്ദ്രത്തിലേക്ക് അയച്ചത്.
രോഗ ലക്ഷണങ്ങൾ
പശുക്കളുടെ ശരീരഭാഗങ്ങളിൽ തടിപ്പ്, വട്ടത്തിലുള്ള പാടുകൾ, നീർവീഴ്ച, സന്ധികളിൽ വേദന, ഭക്ഷണം കഴിക്കുന്നതിൽ താത്പര്യ കുറവ്,
രോഗം പകർത്തുന്നത്
ഈച്ച, കൊതുക്, മറ്റ് പ്രാണികൾ
പ്രതിരോധ പ്രവർത്തനം
ആന്റീബയോട്ടിക് ഗുളികകൾ, ഓയിന്റ്മെന്റ്, തുള്ളിമരുന്ന്, കുത്തിവയ്പ്പ്
'ജില്ലയിൽ പശുക്കളിൽ കണ്ടുവരുന്ന രോഗം ഏതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കർഷകർ ഭയപ്പെടേണ്ട കാര്യമില്ല. രക്തസാമ്പിളുകളുടെ പരിശോധനാഫലം വന്നാൽ മാത്രമേ രോഗത്തെക്കുറിച്ച് വ്യക്തമായി പറയാൻ കഴിയുകയുള്ളു.
മൃഗസംരക്ഷണ വകുപ്പ് അധികൃതർ