ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 25 ന് സംസ്ഥാനവ്യാപകമായി വിവിധ കയർ വ്യവസായകേന്ദ്രങ്ങളിൽ കയറുത്പന്നങ്ങൾ കത്തിച്ച് തൊഴിലാളികൾ പ്രതിഷേധ രോഷാഗ്‌നി പ്രകടിപ്പിക്കുമെന്ന് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കയർമന്ത്രിയെന്ന നിലയിൽ തോമസ് ഐസകിന്റെ പ്രവർത്തനം തികഞ്ഞ പരാജയമാണ്. കയർമേഖലയുടെ നിലനില്പിന് ആവശ്യമായ പദ്ധതികൾ നടപ്പാക്കാതെ വെറും പ്രഖ്യാപനങ്ങൾ മാത്രമാണ് നടത്തുന്നത്. കയർ പിരി മേഖലകളിലും ഫാക്ടറി മേഖലകളിലും തൊഴിലാളികൾ നേരിടുന്ന കടുത്ത പ്രതിസന്ധി കയർമേള നടത്തി പരിഹരിക്കാനാകില്ല. കയർ മേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന സ്തംഭനാവസ്ഥയ്ക്ക് കാരണം ഉത്പാദന ചെലവിന് അനുപാതികമായ വില ഉത്പന്നങ്ങൾക്ക് ലഭിക്കാത്തതാണ്. കയർ മേഖലയുടെ പുരോഗതിക്കായി ടി.വി.തോമസ് കൊണ്ടുവന്ന പദ്ധതികൾ ഇല്ലാതാക്കി. തൊഴിലാളി ക്ഷേമത്തിന് പകരം കണക്കു കൊണ്ട് മാജിക് നടത്തുകയാണ് മന്ത്രിയും വിവിധ ബോർഡുകളും.
കയർതൊഴിലാളികളുടെ മിനിമം കൂലി 600 രൂപയായി വർധിപ്പിക്കുക, കയറിനും കയർ ഉത്പന്നങ്ങൾക്കും ഉത്പാദനചിലവിന് അനുസരിച്ച് വില നിശ്ചയിക്കുക, കയർഫെഡ് ചെറുകിടസംഘങ്ങൾക്ക് നൽകുവാനുള്ള 3.5 കോടി രൂപ ഉടനെ നൽകുക, കയർഫെഡും കയർ കോർപ്പറേഷനും സംഭരിക്കുന്ന കയറിന്റെയും കയർ ഉത്പന്നങ്ങളുടേയും വില ഉടനെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്താസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ വി.മോഹൻദാസ്, ജോയിൻറ് സെക്രട്ടറി ഡി.അനീഷ് എന്നിവർ പങ്കെടുത്തു.